കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി സാക്ഷിയായ കന്യാസ്ത്രീ. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ടെന്ന് സിസ്റ്റര്‍ ലിസി വടക്കേയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി  മൊഴികൊടുത്തതിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. 

മഠം വിട്ട് പോകാന്‍ നിർബന്ധിക്കുന്നുണ്ട്. മഠത്തിനുള്ളിൽ താന്‍ നേരിടുന്നത് തടങ്കൽ ജീവിതമാണ്. ഭക്ഷണവും മരുന്നും നൽകുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോൾ മഠം അധികൃതർ തട്ടിക്കയറി. മഠത്തിലെ കന്യാസ്ത്രീകളെ മുഴവൻ മാറ്റി തന്നെ ഒറ്റപ്പെടുത്തിയെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കി.

മൊഴിമാറ്റാൻ  പ്രൊവിൻഷ്യാളും മദർ ജനറാളും നിർബന്ധിച്ചു.  വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്.  വീണ്ടും സ്ഥലം മാറ്റിയത് സമ്മർദ്ദത്തിന്‍റെ ഭാഗമായിട്ടെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റർ ലിസി വടക്കേയിൽ പറഞ്ഞു. 

''ഇവരെന്നെ പീഡിപ്പിക്കുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. തലയില്‍ തേക്കാന്‍ അല്‍പ്പം എണ്ണ പോലും നല്‍കുന്നില്ല. എണ്ണ തരാമോ എന്ന് ചോദിച്ചപ്പോള്‍ മിണ്ടിപ്പോകരുത് സിസ്റ്ററിന് ഇവിടെ എണ്ണയില്ലെന്ന് പറഞ്ഞു.  എനിക്കറിയാം ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മൊഴി കൊടുത്തതിന് ശേഷമാണ് ഇങ്ങനെ. പെറ്റതള്ളയോടോ സഹോദരങ്ങളോടോ മിണ്ടാന്‍ പോലും അവസരം നല്‍കിയില്ല'' - സിസ്റ്റര്‍ ലൂസി പറഞ്ഞു.