Asianet News MalayalamAsianet News Malayalam

കോട്ടപ്പടിയില്‍ അമ്മയെ ഉപേക്ഷിച്ച് പോയ മകനെ വിളിച്ചുവരുത്തും

വൃദ്ധ മാതാവിനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനും കമ്മീഷൻ അംഗം ഷിജി ശിവജിയും സന്ദര്‍ശിച്ചു.

woman commission will call son who left mother
Author
Kothamangalam, First Published Jun 13, 2020, 5:24 PM IST

കോതമംഗലം: കോട്ടപ്പടിയിൽ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് പോയ മകനെയും ഭാര്യയെയും വനിതാ കമ്മീഷന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തും. എഴുപതുകാരി സാറാ മത്തായിയെയാണ് മകന്‍ വീട്ടില്‍ ഉപേക്ഷിച്ച് പോയത്. വൃദ്ധ മാതാവിനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനും കമ്മീഷൻ അംഗം ഷിജി ശിവജിയും സന്ദര്‍ശിച്ചു. സംഭവം പുറത്തറിഞ്ഞതോടെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. വയോധികയ്ക്ക് സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ കോട്ടപ്പടി സിഐയ്ക്ക് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശവും നല്‍കി. പൊലീസിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 

2004 മുതല്‍ സാറാ മത്തായിയും ഏകമകൻ അജുവും ഭാര്യയും രണ്ട് മക്കളും താമസിച്ചുവന്നത് കോതമംഗലത്തെ കോട്ടപ്പടിയിലെ വീട്ടിലായിരുന്നു. താഴത്തെ നിലയില്‍ നിലവറയ്ക്ക് സമാനമായ സെല്ലാറിലായിരുന്നു അമ്മയുടെ ജീവിതം. ഫെബ്രുവരി 24 ന് രാത്രി താഴത്തെ നിലയില്‍നിന്ന് മുകളിലേക്കുള്ള വഴി മകൻ അടച്ചു. മുകളിലെ നിലയില്‍ താമസിച്ചിരുന്ന മകൻ പിന്നെ അമ്മയെ തിരിഞ്ഞുനോക്കാതായി.

ഏറെ താമസിയാതെ അമ്മയോട് ഒരു വാക്കുപോലും പറയാതെ മകനും കുടുംബവും വീട് വിട്ട് എറണാകുളത്തേക്ക് മാറി. ഇതോടെ സാറ താഴത്തെ നിലയിലെ മുറി താല്‍ക്കാലിക അടുക്കളയാക്കി മാറ്റി. സംഭവം അറിഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും പരാതിയില്ലെന്നായിരുന്നു സാറാ മത്തായിയുടെ വിശദീകരണം. തിരിഞ്ഞുനോക്കാതെ പോയ മകന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് 70കാരിയായ ഈ അമ്മ ഇപ്പോഴും. 

Follow Us:
Download App:
  • android
  • ios