മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താ പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു. തുടർന്നാണ് ഇപ്പോൾ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൃശ്ശൂർ: തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൃശ്ശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയാണ് മരിച്ചത്. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. മരിച്ച മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്‌മയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താ പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു.
സംഭവത്തിൽ അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. യുവതിക്ക് ഭർത്താവ് ഇബ്രാഹിം അക്യുപഞ്ചർ ചികിത്സയാണ് നൽകിയതെന്നും ചികിത്സയുടെ ഭാഗമായി രൂപപ്പെട്ട മുറിവുകളിലൂടെയുണ്ടായ അണുബാധയാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നും ആയിരുന്നു കുടുംബത്തിന്‍റെ ആരോപണം.
15 വർഷം മുൻപ് ആണ് മുഹ്‌സിനെയും അക്യുപങ്ചറിസ്റ്റായ ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇതിനിടെ ഏഴു തവണ മുഹ്സിന പ്രസവിച്ചു. ആറു പ്രസവങ്ങൾ ആശുപത്രിയിൽ വച്ചായിരുന്നുവെങ്കിലും തുടർ ചികിത്സയോ കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകളോ ഇബ്രാഹിം നൽകിയിരുന്നില്ല.
ജനുവരി ആറിനാണ് എടക്കഴിയൂരിലെ വീട്ടിൽ വച്ച് മുഹ്സിനയുടെ ഏഴാമത്തെ പ്രസവം നടന്നത്. മൂന്നാം ദിവസം കുഞ്ഞ് മരിച്ചു. പ്രസവത്തിന് പിന്നാലെ കടുത്ത ശാരീരിക പ്രശ്നങ്ങൾ നേരിട്ട മുഹ്സിനയ്ക്ക് അക്യുപഞ്ചർ ചികിത്സയാണ് ഇബ്രാഹിം നൽകിയതെന്നും ചികിത്സയുടെ ഭാഗമായി ശരീരത്താകമാനം ഉണ്ടായ മുറിവുകളാണ് മരണത്തിലേക്ക് എത്തിച്ച അണുബാധയ്ക്ക് കാരണമെന്നുമാണ് മുഹ്സിനയുടെ കുടുംബത്തിന്റെ പരാതി. ശരീരത്തിലെ മുറിവുകൾ പുഴുവരിച്ച നിലയിൽ ആയിരുന്നു എന്നും കുടുംബം പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുഹ്സിനയുടെ കുടുംബം നിർബന്ധിച്ചാണ് ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അണുബാധ ഗുരുതരമായിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഒരു വർഷം മുൻപ് ഇവരുടെ മൂന്ന് വയസ്സുള്ള പെൺകുട്ടിയും മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടു എന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മുൻപ് തിരൂരിൽ അക്യുപഞ്ചർ ക്ലിനിക്ക് ഇബ്രാഹിം നടത്തിയിരുന്നു. മുഹ്സിനയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് ചാവക്കാട് പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ഇപ്പോൾ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

