എറണാകുളം: പെരുമ്പാവൂരില്‍ 42 കാരിയെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറുപ്പംപടി സ്വദേശി ദീപയാണ് മരിച്ചത്. പ്രതി അസം സ്വദേശി ഉമര്‍ അലിയെ കസ്റ്റഡിയിലെടുത്തു. കൊലപാതക ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിന് സമീപം രാത്രി ഒരു മണിയോടെയാണ് സംഭവം. കുറുപ്പുംപടി തുരുത്തി സ്വദേശിയായ ദീപയെ ഉമര്‍ അലി ഇങ്ങോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നാണ് സൂചന. ദീപയെ സ്കൂളിന് എതിര്‍വശത്തുള്ള ഹോട്ടലിന് സമീപത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അവിടെയിരുന്ന തൂമ്പ കൊണ്ട് തലയ്‍ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

കൊലപാതകത്തിന് ശേഷം തിരികെ പോകാൻ തുടങ്ങിയ ഉമര്‍ അലി സിസിടിവി ക്യാമറ കണ്ട് അത് തല്ലിപ്പൊളിച്ചിരുന്നു. രാവിലെ ഹോട്ടല്‍ തുറക്കാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ആലുവ റൂറല്‍ എസ് പി, പെരുമ്പാവൂര്‍ ഡിവൈഎസ്‍പി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മൂന്ന് മണിക്കൂറിനകം ഉമര്‍ അലിയെ പിടികൂടുകയായിരുന്നു. ഉമര്‍ അലിയെന്ന പേരുള്ള ഇയാളുടെ വിലാസം വ്യാജമാണോയെന്നും പൊലീസ് സംശയിക്കുന്നു. മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് അസമിലുള്ള പെരുമ്പാവൂര്‍ പൊലീസ് ഉമര്‍ അലി തന്നിരിക്കുന്ന വിലാസത്തിലെത്തി അന്വേഷണം നടത്തും.