കൊച്ചി: നടി സജിത മഠത്തിലിനെ  സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ വനിതാ കമ്മീഷനിടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പോലീസിന് കൈമാറിയത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് സജിതാ മഠത്തിലിന്‍റെ സഹോദരീപുത്രനാണ്. വിഷയത്തില്‍ പരസ്യപ്രതികരണവുമായി സജിത മഠത്തില്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് തനിക്കെതിരെ സൈബറിടങ്ങളില്‍ പ്രചാരണം നടക്കുന്നെന്നാണ് സജിതാ മഠത്തില്‍ വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ചിലര്‍, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയുള്ളതും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ളതുമായ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നെന്നാണ് സജിത പരാതിയില്‍ പറയുന്നത്.

ഈ മാസം എട്ടിനാണ് സജിത പരാതി നല്‍കിയത്. ഭീഷണിയുള്ള പശ്ചാത്തലത്തില്‍ തനിക്ക് പുറത്തിറങ്ങാന്‍ പോലും ഭയം തോന്നുന്നുണ്ടെന്നും സജിതാ മഠത്തില്‍ പരാതിയില്‍ അറിയിച്ചിരുന്നു.