തിരുവനന്തപുരം: കാത്തു കാത്തിരുന്ന് റാങ്ക് ലിസ്റ്റ് വന്നിട്ടും പണി കിട്ടിയ അവസ്ഥയിലാണ് വനിതാ സിപിഓ തസ്തികയിലേക്ക് പരീക്ഷയെഴുതിയവര്‍. പ്രസവം മൂലം കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാനാകാത്ത കുറച്ചു പേര്‍ക്ക് വേണ്ടി, ലിസ്റ്റിൽ ഇടം പിടിച്ച മുഴുവൻ പേരും ഇനിയും കാത്തിരിക്കണമെന്നാണ് പിഎസ്‍സി അറിയിപ്പ്. 

ഗ‌‌‌‌‌‌‌‌‌‌‌‌ർഭിണികളും കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തേ പറ്റൂ എന്ന പിഎസ്‍സിയുടെ പിടിവാശിക്കെതിരെ ഹൈക്കോടതിയിൽ ഹർജി എത്തിയതോടെയാണ് നിയമനം ത്രിശങ്കുവിലായത്. വിജ്ഞാപനം വന്നതു മുതല്‍ എഴുത്തു പരീക്ഷയ്ക്കും കായികക്ഷമതാ പരീക്ഷയ്ക്കുമൊക്കെയായി വിവാഹവും പ്രസവവുമൊക്കെ നീട്ടിവെച്ച നിരവധി ഉദ്യോഗാര്‍ത്ഥികളുണ്ട്. ഇത്ര നാള്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതായിരുന്നു പ്രശ്നം. റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ അടുത്ത പണി കിട്ടി. അഡ്വൈസ് മെമോ ലഭിക്കണമെങ്കില്‍ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്തവരുടെ ഫലം കൂടി വരണമെന്നാണ് ഇപ്പോൾ പറയുന്നത്.

പൊലീസ് സേനയില്‍ ഇപ്പോള്‍ 8.37 ശതമാനമാണ് വനിതാപ്രാതിനിധ്യം. സേനയില്‍ 25 ശതമാനം വനിതാ പ്രതിനിധ്യം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് വിശ്വസിച്ച് ജോലി കിട്ടുമെന്ന് ഉറപ്പിച്ചവരാണിവര്‍. പിഎസ്‍സിക്കതിരെ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് റാങ്ക് ജേതാക്കളുടെ തീരുമാനം.