Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

പരേതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ വീട്ടിലെത്തിയ മാന്നാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ഫോറൻസിക് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് ഇവരെയെല്ലാം ക്വാറൻ്റൈൻ ചെയ്യേണ്ടി വരും. 
 

women who found dead in alappuzha confirmed covid positive
Author
ചെന്നിത്തല, First Published Jul 9, 2020, 2:07 PM IST

ആലപ്പുഴ: ചെന്നിത്തലയിൽ കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദുവദമ്പതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും മുൻപുള്ള പ്രോട്ടോക്കോളിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയിലെ  വാടക വീട്ടിൽ  ഭാര്യയേയും ഭർത്താവിനേയും മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരിൽ മാവേലിക്കര വെട്ടിയാർ സ്വദേശി ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവ് കുരമ്പാല സ്വദേശി ജിതിൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 

മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത പൊലീസുകാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വരും. മാന്നാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, വീട്ടിലെത്തി പരിശോധന നടത്തിയ ഫോറൻസിക് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് ഇവരെയെല്ലാം ക്വാറൻ്റൈൻ ചെയ്യേണ്ടി വരും. 

വാടകവീട്ടിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപും പിൻപും ഇവരുടെ വീട്ടിലെത്തിയവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിനേയും (30 വയസ്) ഭാര്യ ദേവികയേയും (20 വയസ്) കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കേസിൽ ദുരൂഹതകൾ ഏറെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

പെയിൻറിംഗ് തൊഴിലാളിയായ ജിതിൻ രാവിലെ ജോലിക്കെത്താതിരുന്നതിനാൽ ഇയാളെ അന്വേഷിച്ചെത്തിയ കരാറുകാരനാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ജിതിൻ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലും, ദേവിക കട്ടിലിലുമാണ് മരിച്ചുകിടന്നത്. ദേവികയുടെ കഴുത്തിൽ കാണപ്പെട്ട മുറിവാണ് പൊലീസിൽ സംശയം ജനിപ്പിക്കുന്നത്. വീടിൻറെ വാതിൽ തുറന്നു കിടന്നതും ദുരൂഹത വർധിപ്പിക്കുന്നു. 

ജിതിന്റെ ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ മൂലം ജീവനോടുക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. ഭാര്യയെ സഹായിക്കണമെന്നും കത്തിലുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മാന്നാർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം കേസിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലായിരുന്നു  പൊലീസ് ഇതിനിടെയാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം അനിശ്ചിതത്വത്തിലായിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതലാണ് ജിതിനും ദേവികയും ചെന്നിത്തലയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios