മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്ക് യുദ്ധം വനം കൊള്ള മറയ്ക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്ക് യുദ്ധം വനം കൊള്ള മറയ്ക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ നാടകം. ഇപ്പോൾ തന്നെ ചാനലുകളിൽ ചർച്ചാ വിഷയം മാറി. 

അപ്രതീക്ഷിതമായി വന്ന ചോദ്യത്തിന് നാല് പേജ് എഴുതിക്കൊണ്ടുവന്ന മറുപടിയാണ് നൽകിയത്. മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനേ സാധിക്കൂ. നമുക്ക് മരം കൊള്ള മറന്ന് ഇതിന് പിന്നാലെ ഓടാമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സുരേന്ദ്രന്റെ കുറിപ്പിങ്ങനെ...

ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലഥിതികളെവെച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന്‌ നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം...

ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍റെ പരാമര്‍ശത്തോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona