Asianet News MalayalamAsianet News Malayalam

മുത്തൂറ്റിനെതിരെ ജീവനക്കാരുടെ സമരം; ഹെഡ് ഓഫീസിന് മുന്നിലെ ഉപരോധ സമരം പുരോ​ഗമിക്കുന്നു

തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകുക, ശമ്പള വർധവ്, യൂണിയനുമായുള്ള കരാർ വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുന്നത്. 

workers strike against muthoot finance
Author
kochi, First Published Sep 3, 2019, 10:33 AM IST

എറണാകുളം: സ്വകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു. സമരത്തിന്റെ ഭാ​ഗമായി എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നിൽ ജീവനക്കാർ ഇന്ന് ഉപരോധ സമരം സംഘടിപ്പിച്ചു. മൂത്തൂറ്റിലെ ജീവനക്കാരടക്കം നൂറ് കണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുത്തത്.

സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗം എസ് ശർമ്മ ഉപരോധ സമരം ഉദ്ഘാടനം ചെയ്യാൻ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെഎൻ ​ഗോപിനാഥൻ അടക്കമുള്ള സംസ്ഥാന കമ്മിറ്റി നേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ 10 റീജിയണുകളിലായി മുന്നൂറോളം ശാഖകളിൽ സിഐടിയു സമരം സംഘടിപ്പിക്കുന്നുണ്ട്. 3500ഓളം ജീവനക്കാരാണ് കേരളത്തിലെ മുത്തൂറ്റ് ഓഫീസുകളിൽ പ്രവർത്തിക്കുന്നത്.

തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകുക, ശമ്പള വർധവ്, യൂണിയനുമായുള്ള കരാർ വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുന്നത്. അതേസമയം, സമരത്തിൽ പങ്കെടുക്കുന്നവർ തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കേരളത്തിലെ മുന്നൂറോളം ശാഖകൾ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ചർച്ചയ്ക്ക്  മുത്തൂറ്റ് മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അടച്ചുപൂട്ടാനുള്ള നീക്കം സമ്മർദ്ദ തന്ത്രമാണെന്നും സിഐടിയു ആരോപിച്ചു.

ഇന്നലെ സമരം മറികടന്ന് മുത്തൂറ്റിന്റെ ഹെഡ് ഓഫീസിൽ ജോലിക്കെത്തിയ ഒരു വിഭാഗം ജീവനക്കാരെ സിഐടിയു ജീവനക്കാർ തടഞ്ഞു വച്ചിരുന്നു. സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചുകൾ തുറന്ന പ്രവർത്തിച്ചില്ലങ്കിൽ അടച്ച് പൂട്ടുമെന്ന് മാനേജ്‌മെന്റ് സർക്കുലർ ഇറക്കിയോതെടയാണ് സമരം മറികടന്ന് ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ എത്തിയത്. എന്നാൽ, സിഐടിയു ജീവനക്കാർ പ്രതിഷേധവുമായി എത്തിയതോടെ ബ്രാഞ്ചുകൾ അടച്ചിടുകയായിരുന്നു. വിവിധ ബ്രാഞ്ചുകളില്‍ ഇന്ന് ജോലിക്കെത്തിയ ജീവനക്കാരെയും സമരക്കാർ മടക്കി അയച്ചു.
 

Follow Us:
Download App:
  • android
  • ios