Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ് പൊളിക്കൽ: സമീപത്തെ താമസക്കാരന്‍ സുപ്രീംകോടതിയിൽ, ആഘാതപഠനം നടത്തണമെന്ന് ഹർജി

ഫ്ലാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

writ plea related to marad case supreme court
Author
Delhi, First Published Sep 18, 2019, 9:34 AM IST

ദില്ലി: മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന്‍ ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. 

മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എം ജി എന്ന വ്യക്തിയാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കായലുകള്‍ക്കു സമീപമാണ് ഈ ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും വിദഗ്‍ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. 

ഫ്ലാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസിന്‍റെ കോടതിയില്‍ അയോധ്യ കേസിലെ വാദം തുടരുന്നതിനാല്‍ മൂന്നാം നമ്പര്‍ കോടതിയിലായിരിക്കും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിക്കുക. ജസ്റ്റിസ് എസ് പി രമണ്‍ അധ്യക്ഷനായ കോടതിയാണിത്. 

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കക്ഷി ചേര്‍ത്താണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. മന്ത്രാലയത്തിന്‍റെ അഭിപ്രായം കൂടി കേട്ടശേഷമേ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്താവൂ എന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഹർജിയിൽ ഉന്നയിക്കും. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Follow Us:
Download App:
  • android
  • ios