കോട്ടയം: നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തെമ്പാടും പ്രതിഷേധമിരമ്പുകയാണ്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് നാനാതുറയില്‍ നിന്നും പ്രമുഖര്‍ രംഗത്തെത്തി. പൗരത്വ  ഭേദഗതി ബില്ലിനെതിരെ  രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ ബെന്ന്യാമിനും രംഗത്തെത്തി. ഭീരുവിനെ പോലെ ആത്മഹത്യ ഹിറ്റ്‍ലറുടെ ആയുധമായിരുന്നു ഫാസിസം. ആ ആയുധം വച്ച് അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി ആരെയാണ് പേടിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ബെന്ന്യാമിന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്ന്യാമിന്‍റെ പ്രതികരണം. 'ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്ലർ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം. അമ്പേ പരാജപ്പെട്ടുപോയ ഒരായുധം. ഈ രാജ്യത്ത് നിങ്ങൾ ആരെയാണ് ഭായി അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത്'- ബെന്ന്യാബിന്‍ കുറിച്ചു.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. അസമിൽ ഉൾഫ ബന്ദ് തുടരുകയാണ്.  ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 10 ജില്ലകളിൽ  ഇന്റർനെറ്റ് നിയന്ത്രണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്.