Asianet News MalayalamAsianet News Malayalam

'കന്യാസ്ത്രീയെ സഭ പേടിക്കുന്നതെന്തിന്'? സഭയെ നയിക്കുന്നത് തെറ്റായ ആളുകളെന്ന് ബെന്യാമിൻ

'തെറ്റായ ആളുകൾ ആണ് സഭയെ നയിക്കുന്നത് എന്ന് മനസിലാകുന്നു. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത്'

writer  Benyamin reaction about sister lucy kalappura book
Author
Kochi, First Published Dec 9, 2019, 5:03 PM IST

കൊച്ചി: കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് ബെന്യാമിൻ. സിസ്റ്റർ ലൂസി കളപ്പുരയുടെ  'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങില്‍ എറണാകുളം പ്രസ്സ് ക്ലബ്ബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തെറ്റായ ആളുകൾ ആണ് സഭയെ നയിക്കുന്നത് എന്ന് മനസിലാകുന്നു. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത്'. ജീർണത സഭയെയും ബാധിച്ചിരിക്കുന്നുവെന്നും ബെന്യാമിൻ കൂട്ടിച്ചേര്‍ത്തു.  

സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും  മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും സിസ്റ്റർ ലൂസി കളപ്പുര ഒരു പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. ഇതെല്ലാമാണ് സഭയെ ചൊടിപ്പിച്ചത്. 

'നിരവധി കന്യാസ്ത്രീകളുടെ മനഃസാക്ഷിയില്‍ 'പുസ്‍തകം' തയ്യാറായിട്ടുണ്ട്'; സിസ്റ്റര്‍ ലൂസി കളപ്പുര

പുസ്തകത്തിന്‍റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

അതിനിടെ കർത്താവിന്റെ നാമത്തിൽ എന്ന സിസ്റ്റർ ലൂസിയുടെ പുസ്തകം വിൽപ്പനയ്ക്ക് വെച്ചതിന്റെ പേരിൽ കണ്ണൂരിൽ ഡിസി ബുക്സിന്റെ പുസ്തക മേള പൂട്ടിക്കാൻ ശ്രമം നടന്നു. തലശേരി അതിരൂപത സംഘടിപ്പിച്ച കർഷക പ്രക്ഷോഭത്തിനിടയിൽ നിന്നെത്തിയ ചിലരാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസ് സുരക്ഷയിൽ മേള പുനരാരംഭിച്ചു. തങ്ങളുടെ അറിവോടെയല്ല പ്രതിഷേധമെന്ന് വ്യക്തമാക്കിയ സഭാനേതൃത്വം സംഭവത്തിൽ ക്ഷമ ചോദിച്ചു. പൊലീസ് സുരക്ഷയിലാണ് നിലവിൽ പുസ്തക മേള നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios