കണ്ണൂർ: പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കേരള സന്ദർശനം വെട്ടിച്ചുരുക്കി കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കരിങ്കൊടി പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് തന്നെ മംഗലാപുരത്തേക്ക് പോകാനാണ് യെദിയൂരപ്പയുടെ തീരുമാനം. കനത്ത പൊലീസ് സുരക്ഷയും മറികടന്നാണ് എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ യെദിയൂരപ്പയുടെ വാഹനം തടഞ്ഞത്. നടന്നത് ആസൂത്രിത പ്രതിഷേധമാണെന്നും ഇത് കേരളത്തിന്‍റെ യശസ് ഇല്ലാതാക്കുമെന്നും യെദിയൂരപ്പ പ്രതികരിച്ചു.  സംഭവത്തിൽ 23 പേർ കണ്ണൂരിൽ കസ്റ്റഡിയിലാണ്. എല്ലാവരും എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.

ഇന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ തങ്ങി നാളെ രാവിലെ മംഗലാപുരത്തേക്ക് തിരിക്കാനിരുന്ന കർണാടക മുഖ്യമന്ത്രി വൈകിട്ടോടെയാണ്  പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റിയത്. സംസ്ഥാനത്തെത്തിയ കർണാടക മുഖ്യമന്ത്രിക്ക് നേരെ ഇന്നലെയുണ്ടായതിനേക്കാൾ ശക്തമായ പ്രതിഷേധമാണ് ഇന്നുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കു തിരിച്ച കർണാടക മുഖ്യമന്ത്രിക്ക്  നേരെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാട്ടി.  

പിന്നീട് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ യെദിയൂരപ്പയെ മാടായിക്കാവിലേക്കുള്ള യാത്രക്കിടെ കണ്ണൂർ കാൽടെക്സിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാണിച്ചു. എന്നാൽ പ്രവർത്തകരെ പെട്ടെന്ന് പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.  തുടർന്നാണ് പഴയങ്ങാടിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാണിക്കാനെത്തിയത്. ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുപ്പതോളം എസ്എഫ്ഐ പ്രവർത്തകരെത്തിയതും വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചതും. 

കനത്ത പൊലീസ് സുരക്ഷ മറികടന്ന് യെദിയൂരപ്പയുടെ വാഹനത്തിന് തൊട്ടടുത്തു വരെ പ്രവർത്തകരെത്തി. വാഹനവ്യൂഹത്തിൽ കൊടി കൊണ്ട് അടിക്കുകയും ചെയ്തു. പൊലീസെത്തി അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലും പ്രതിഷേധമുണ്ടായി. എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ആസൂത്രിത പ്രതിഷേധമാണെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും യെദിയൂരപ്പ പിന്നീട് ട്വിറ്ററിൽ കുറിച്ചു. ''ചിലരുടെ ദുഷ്പ്രവൃത്തിക്ക് മുഴുവൻ കേരളീയരെയും പഴിക്കുന്നത് ശരിയല്ല. എന്നാൽ ഇത്തരം സംഭവങ്ങൾ  കേരളത്തിന്റെ യശസ്സ് ഇല്ലാതാക്കരുത്'', യെദിയൂരപ്പ കുറിച്ചു. 

സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് ബിജെപിയും രംഗത്തെത്തി. യെദിയൂരപ്പയ്ക്ക് എതിരെ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞിട്ടും ഒരു സുരക്ഷയും പൊലീസും സംസ്ഥാന സർക്കാരും ഒരുക്കിയില്ലെന്ന് ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ രഞ്ജിത്ത് ആരോപിച്ചു. സർക്കാർ യെദിയൂരപ്പയെ ആക്രമിക്കാൻ ഗുണ്ടകളെ കയറൂരി വിട്ടു. ഇത് സിപിഎമ്മും ആഭ്യന്തര വകുപ്പും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്നും കെ രഞ്ജിത്ത്. 

മാടായിക്കാവ്, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനാണ് യെദിയൂരപ്പ കണ്ണൂരിൽ എത്തിയത്. തീരുമാനിച്ചതിലും നേരത്തെ മടങ്ങുന്നുവെങ്കിലും ക്ഷേത്ര ദർശനങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് യെദിയൂരപ്പ തിരികെപ്പോകുന്നത്.