കോഴിക്കോട്: കോഴിക്കോട് വടകരയില്‍ നഗര മധ്യത്തിലെ  ബോണറ്റില്‍ കുടുങ്ങിയ യുവാവുമായി കുതിച്ച് പായുന്ന കാറിന്റെ ദൃശ്യങ്ങൾ പുറത്ത്. വ്യാഴാഴ്ച വൈകീട്ട് നഗര മധ്യത്തിലെ തിരക്കേറിയ റോഡിലാണ് സിനിമാ സ്റ്റൈലിലുള്ള കാറോട്ടം നടന്നത്. കോടതി പരിസരം മുതല്‍ സെന്‍റ് ആന്‍റണീസ് സ്കൂള്‍ വരെയുള്ള റോഡില്‍ വണ്‍വേ തെറ്റിച്ചാണ് കാര്‍ കുതിച്ച് പാഞ്ഞത്.  അള്ളിപ്പിടിച്ച് കിടന്ന യുവാവ് സെന്‍റ് ആന്‍റണീസ് സ്കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ തെറിച്ച് വീണു. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നേരിട്ട് കണ്ട ജനങ്ങൾ അന്തം വിട്ടു.

സംഭവത്തിന് പിന്നിലെ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഇങ്ങനെ വടകര കുടുംബ കോടതിയിലെ തർക്കമാണ് റോഡിലെത്തിയത്. കോടതിയില്‍ കുട്ടിയുടെ സംരക്ഷണ അവകാശ കേസ് വിധി പറയാൻ മാറ്റിയതോടെ കുഞ്ഞുമായി പിതാവ് പോകുന്നത് തടയാൻ കുട്ടിയുടെ അമ്മാവൻ കാർ തടഞ്ഞു. എന്നാൽ പിതാവ് വാഹനം മുന്നോട്ടെടുത്തതോടെ അമ്മാവൻ ബോണറ്റിൽ കുടുങ്ങി. പരിക്കേറ്റ യുവാവ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് പൊലീസിൽ പരാതി നൽകി.  കുട്ടിയുടെ പിതാവ് ഉപയോഗിച്ചിരുന്നത് വാടയ്ക്കെടുത്ത കാറായാതിനാൽ വാഹന ഉടമയോട് ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

വീഡിയോ കാണാം