ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്മൃതി മണ്ഡപത്തിൽ നിന്നും തുടങ്ങുന്ന യാത്ര മാർച്ച് അഞ്ചിന് തിരുവനന്തപുരം തിരുവല്ലത്ത് അവസാനിക്കും
കാസർകോട്: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും ചിതാ ഭസ്മവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ധീര സ്മൃതി യാത്രക്ക് അൽപസമയത്തിനകം തുടക്കമാകും. രണ്ടുപേരുടെയും സ്മൃതി മണ്ഡപത്തിൽ നിന്നും തുടങ്ങുന്ന യാത്ര മാർച്ച് അഞ്ചിന് തിരുവനന്തപുരത്തെ തിരുവല്ലത്ത് അവസാനിക്കും
യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സമര പരിപാടികൾ നാളെ തുടങ്ങും. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാളെ കോൺഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പക്കും. അതിന് ശേഷം വനിതാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അമ്മമാരുടെ സംഗമവും സംഘടിപ്പിക്കും.
അതേ സമയം ഇന്ന് വൈകീട്ട് 4 മണിക്ക് സിപിഎം ജില്ലയിൽ പൊതുയോഗം സംഘടിപ്പിക്കുന്നുണ്ട്. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പൊതുയോഗത്തിൽ പ്രസംഗിക്കും. കാസർകോട് എംപി പി കരുണാകരൻ, സിപിഎം ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പൊതുയോഗത്തിൽ പങ്കെടുക്കും.കാസർകോട് ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ജനങ്ങളെ ബോധിപ്പിക്കുകയാണ് പൊതുയോഗത്തിന്‍റെ ലക്ഷ്യം. കൊലപാതകം നടന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് ജില്ലയിൽ സിപിഎം ഒരു പൊതുയോഗം സംഘടിപ്പിക്കുന്നത്.
