യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയപ്പോൾ എംഎൽഎമാർ വിട്ടുനിന്നു
സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ജില്ലാ സംസ്ഥാന ഭാരവാഹികളുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രത്യേകം പ്രാർഥന നടത്തി

കോട്ടയം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ പ്രകടമായി കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്ക് പുതിയ പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉൾപ്പെടെയുള്ള എംഎൽഎമാർ വിട്ടുനിന്നു. സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ജില്ലാ സംസ്ഥാന ഭാരവാഹികളുമായി ഇരുവരും ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രത്യേകം പ്രാർഥന നടത്തുകയും ചെയ്തു.
ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം രണ്ടായി പിളർന്ന കോട്ടയത്തെ എ ഗ്രൂപ്പിൽ തിരുവഞ്ചൂരിനും ചാണ്ടി ഉമ്മനും ഒപ്പം നിൽക്കുന്ന വിഭാഗമാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. കെസി വേണുഗോപാൽ പക്ഷവുമായി ചേർന്നായിരുന്നു ഇവരുടെ മൽസരം. സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ഭാരവാഹികൾക്ക് ഒപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനുമാണ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദ്യം പ്രാർത്ഥനയ്ക്ക് എത്തിയത്. ജയിക്കണമെന്ന് ഉമ്മൻചാണ്ടി ആഗ്രഹിച്ച യുവാക്കളാണ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതെന്ന് കൂടി ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇപ്പോഴത്തെ പ്രസിഡൻറ് ഷാഫി പറമ്പിലിനും മുതിർന്ന നേതാവ് കെ സി ജോസഫിനും ഒപ്പമായിരുന്നു നിയുക്ത പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തിയത്. പുതിയ സംസ്ഥാന പ്രസിഡന്റിനെ സ്വീകരിക്കാൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ തിരുവഞ്ചൂർ പക്ഷക്കാരാരും വന്നില്ല. എ ഗ്രൂപ്പിലെ ഭിന്നതയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള സ്ഥലം ഇതല്ലെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ ഒഴിഞ്ഞു. വാശിയേറിയ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷവും പാർട്ടിയിൽ തുടരുന്ന ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ മൂർച്ഛിക്കുമെന്നാണ് ഇരു ഗ്രൂപ്പുകളുടെയും നേതൃത്വങ്ങൾ നൽകുന്ന സൂചന.