വർത്തമാനകാലത്ത് പോരാടേണ്ട പ്ലാറ്റ് ഫോമിലേക്ക് ഒരാൾ പോകുന്നതിൽ ഉത്തരവാദത്തോടെ തീരുമാനമെടുക്കണം. രാജ്യസഭ ഒരു ഫൈറ്റിം​ഗ് പ്ലേസ് ആകണം

തിരുവനന്തപുരം: നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാജ്യസഭ ഒരു പോരാട്ടഭൂമിയാണെന്നും അങ്ങോട്ട് പോകുന്നൊരാൾ അവിടെ പോരാടാൻ പറ്റുന്ന ആളാവണമെന്നും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. കോൺ​ഗ്രസിൽ രാജ്യസഭാ സ്ഥാനാ‍ർത്ഥിയെ സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് യുവമുഖമോ പുതുമുഖമോ വേണം എന്ന നിലപാട് യൂത്ത് കോൺ​ഗ്രസ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.

ഷാഫിയുടെ വാക്കുകൾ - 

വർത്തമാനകാലത്ത് പോരാടേണ്ട പ്ലാറ്റ് ഫോമിലേക്ക് ഒരാൾ പോകുന്നതിൽ ഉത്തരവാദത്തോടെ തീരുമാനമെടുക്കണം. രാജ്യസഭ ഒരു ഫൈറ്റിം​ഗ് പ്ലേസ് ആകണം. രാഷ്ട്രീയ പാരമ്പര്യമുള്ള യുവതയെയും പുതുമുഖത്തെയും പരിഗണിക്കണം. Politically Promising അല്ലെങ്കിൽ Politically Proving ആയ ആളെ വേണം രാജ്യസഭയിലേക്ക് വിടാൻ. കെട്ടിയിറക്കൽ സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതെന്തായാലും നടക്കരുത്.

കെ.എസ്.യുവിൻ്റെ ലോകോളേജ് യൂണിറ്റ് പ്രസിഡൻ്റിനെ മർദ്ദിച്ചിട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലോ കോളേജിലെ ക്രിമിനലുകൾ ഗോവക്ക് ടൂ‍ർ പോയിരിക്കുകയാണ്. കോട്ടയത്ത് കെ റെയിലിന് വേണ്ടി പിഞ്ച് കുഞ്ഞുങ്ങളെ വലിച്ചിഴക്കുകയാണ്. എന്ത് അടിയന്തരമാണ് ഇങ്ങനെ ചെയ്യാനുള്ളത്. പ്രതിഷേധക്കാർക്ക് നിയമപരമായ സംരക്ഷണം നൽകും. പൊലീസ് നടപടിക്കിടെയുള്ള കുട്ടിയുടെ കരച്ചിൽ മനസിനെ അസ്വസ്ഥമാക്കുന്നതാണ്. ഇന്ന് കയ്യേറ്റം കാണിച്ച പൊലീസിനെതിരെ നടപടി വേണം.