തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം നടക്കുന്നതിനിടെ സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് എത്തിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലേക്കായിരുന്നു പ്രതിഷേധം. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ  ഇവര്‍ സെക്രട്ടറിയേറ്റിന്‍റെ മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ താഴെയെത്തി. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണവും ചോദ്യം ചെയ്യലും പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്. 

രാജ്യത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രി രാജി വച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ശിവശങ്കര്‍ വിഷയമോ സ്വര്‍ണക്കടത്തോ ചര്‍ച്ച ചെയ്തിട്ടില്ല.