അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ആര്‍പ്പുവിളിച്ചും മുദ്രാവാക്യം വിളിച്ചും ആഹ്ളാദത്തോടെയാണ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിച്ചത്. 

തിരുവനന്തപുരം: ജയിൽ മോചിതനായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ആവേശകരമായ സ്വീകരമൊരുക്കി പ്രവർത്തകർ. ഫാസിസ്റ്റ് സർക്കാറിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുൽ വ്യക്തമാക്കി. മുഴുവൻ കേസുകളിലെ ജാമ്യം കിട്ടിയതോടെയാണ് രാഹുൽ പുറത്തിറങ്ങിയത്. എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനാകുന്നത്

പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് പ്രവർത്തകർ ഒരുക്കിയത് വൻ സ്വീകരണം. പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയും ആനയിച്ച് പുറത്തേക്ക്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനീവാസ്, എംഎൽഎമാർ അടക്കമുള്ളവരും സ്വീകരിക്കാനെത്തിയിരുന്നു

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ കൻറോണ്‍മെൻറ് പൊലീസെടുത്ത കേസിലും ഡിജിപി ഓഫീസ് മാർച്ചിൽ മ്യൂസിയം പൊലീസിൻറെ കേസിലുമാണ് ഇന്ന് ജാമ്യം കിട്ടിയത്. രണ്ടിലും ഉപാധികളോടെയാണ് ജാമ്യം. രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ് വേണണെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ജാമ്യം. നാലുമണിയോടെ ജാമ്യം കിട്ടിയെങ്കിലും നടപടി ക്രമങ്ങൾ വൈകിയതോടെയാണ് ജയിൽ മോചനം രാത്രിയായത്. പുലർച്ചെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതും പിന്നീട് പുതിയ കേസുകൾ ചുമത്തിയതും മെഡിക്കൽ രേഖയെ ചൊല്ലിയുള്ള തർക്കങ്ങളും അടക്കം അറസ്റ്റിൻറെ പേരിലെ രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് രാഹുൽ പുറത്തിറങ്ങിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്