കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആരോപണം ശക്തമാക്കി കുടുംബം. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഡിജിപിക്ക് റിപ്പോർട്ട് നൽകി. അതേസമയം എറണാകുളം സബ് കളക്ടർ ഹാരിസ് റഷീദിന്റെ മേൽനോട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി.

പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മരിച്ച ഷഫീഖിന്റെ അമ്മ റഷീദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരുമില്ലാത്ത സമയത്താണ് ഷഫീഖിനെ  പിടിച്ച് കൊണ്ടുപോയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ് മരണകാരണമെന്ന് ഷഫീഖിന്റെ ഭാര്യ സെറീനയും ആരോപിച്ചു. 

എന്നാൽ ഷെഫീഖിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്ന് ജയിൽ സൂപ്രണ്ട് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ എത്തിച്ചപ്പോൾ ഷെഫീഖിന് പരിക്കുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ജയിലിൽ വെച്ചു അപസ്മാരവും ചർദ്ദിയും  ഉണ്ടായി. ഇതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.