പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമണ്ണ ചക്കിയാവിൽ വീട്ടിൽ വിനോദാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. സംഭവത്തിൽ പനമണ്ണ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് 31ന് രാത്രി 10 മണിക്കാണ് പനമണ്ണ പള്ളിപ്പടിയിൽ വച്ച് വിനോദിനും സഹോദരൻ രാമചന്ദ്രനും നേരെ ആക്രമണം ഉണ്ടായത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് എസ്ഡിപിഐ പ്രവർത്തകർ വെട്ടിപരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും വെട്ടേറ്റ വിനോദ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. വിനോദിനെപ്പം വെട്ടേറ്റ സഹോദരൻ രാമചന്ദ്രന് കാര്യമായ പരിക്കുകളില്ല.  

ഇവരോട് എസ്ഡിപിഐ പ്രവർത്തകർക്കുണ്ടായ മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കണ്ടാലറിയാവുന്ന പതിനൊന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പനമണ്ണ സ്വദേശികളായ അബ്ദുൾ മനാഫ്, അബ്ദുൾ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.