Asianet News MalayalamAsianet News Malayalam

കഞ്ചാവ് കേസില്‍ കസ്റ്റഡിയില്‍ എടുത്തു; ചോദ്യംചെയ്യലിനിടെ രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ലഹരിമരുന്ന് കേസിൽ പിടികൂടി  ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്.

youth  died due to electric shock in ernakulam
Author
Ernakulam, First Published May 3, 2021, 7:43 PM IST

എറണാകുളം: ക‌ഞ്ചാവ് കേസിൽ കസ്റ്റഡിയിലായ യുവാവ് പൊലീസിന്‍റെ  ചോദ്യം ചെയ്യലിനിടെ രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു. എറണാകുളം  അംബ്ദേകർ സ്റ്റേഡിയത്തിന് സമീപമുള്ള  ഇലക്ട്രിക്  പോസ്റ്റിൽ കയറിയ യുവാവ് ലൈനിൽ  തലവെച്ച്  മരിക്കുകയായിരുന്നു. പാലക്കാട് സ്വദേശി ര‌ഞ്ജിത്ത് ആണ് നാട്ടുകാരും പോലീസും നോക്കി നിൽക്കെ ദാരുണമായി മരിച്ചത്. 

എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപം ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മൂന്ന് കിലോ കഞ്ചാവുമായി പിടിയിലായ ര‌ഞ്ജിത്തിനെ പൊലീസ്, ചോദ്യം ചെയ്യുന്നതിനായി  സ്റ്റേഡിയത്തിനകത്തെ റോഡിൽ കൊണ്ടുവന്നു. ഇതിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഡിയത്തിന്‍റെ പടവുകളിലേക്ക് ഓടിക്കയറി.  തുടർന്ന് താഴേക്ക് ചാടുകയായിരുന്നു. 

പൊലീസ് പിന്നാലെ ഓടിയതോടെ നിലത്ത് വീണ ര‌ഞ്ജിത്ത് ഉടൻ സമീപമുള്ള  ഇലക്ട്രിക് പോസ്റ്റിലേക്ക് കയറി. ഇയാളെ പിന്തിരിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനിൽ കുറകെ കിടന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.ഉടൻ ഫയർഫോഴ്സ് എത്തി ഇയാളെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. സെൻട്രൽ പൊലീസിലെയും, ഡാൻസാഫിലെയും ഉദ്യോഗസ്ഥരായിരുന്നു പ്രതിയുമായി സ്റ്റേഡിയത്തിന് സമീപമെത്തിയത്. 3 കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഞ്ചാവ് കേസിൽ ഇനി ജാമ്യം കിട്ടാതെ ജയിലിലാകുമെന്ന് പറഞ്ഞ് ഇയാൾ ഒടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രഞ്ജിത്തിന്‍റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ പ്രതി രക്ഷപ്പെട്ടതടക്കമുള്ള സംഭവത്തിലും അസ്വാഭാവിക മരണത്തിലും  സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 
 

Follow Us:
Download App:
  • android
  • ios