തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയില്‍ കാണാതായ യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുന്നു. നാല് പേരെയാണ് ആഴിമലയില്‍ തിരയില്‍പ്പെട്ട് കാണാതായത്. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ എത്തിയ ജോണ്‍സ് ക്ലീറ്റസിനെയും മറ്റ് മൂന്ന് പേരെയുമാണ് കാണാതായത്. 

വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ബാല്യകാല സുഹൃത്തുക്കളുടെ ഒത്തുകൂടലിനായാണ് പത്തംഗ സംഘം ആഴിമലയില്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ കടലില്‍ കുളിക്കുന്നതിനിടെ തിരായില്‍പ്പെടുകയായിരുന്നു. ഇത് കണ്ട മറ്റുമൂന്നുപേര്‍ കടലിലേക്ക് ചാടിയെങ്കിലും ശക്തമായ തിരയടി ഉള്ളതിനാല്‍ ഇവരും തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തിയെങ്കിലും മറ്റ് നാലുപേരെ കാണാതായി. 

ജോണ്‍സണ്‍ ക്‌ളീറ്റസ് ( 25 ), സാബു ജോര്‍ജ്ജ് (23), മനു നെപ്പോളിയന്‍ (23), സന്തോഷ് വര്‍ഗ്ഗീസ് (25) എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കടലില്‍ കാണാതായ   ജോണ്‍സണ്‍ ക്‌ളീറ്റസ് നാളെ ജോലി സംബന്ധമായി വിദേശത്ത് പോകാനിരിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ് എന്നിവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ വേലിയേറ്റമുള്ളതിനാല്‍ ഒഴുക്ക് പടിഞ്ഞാറോട്ടേക്കാണെന്നും അതുകൊണ്ടുതന്നെ കാണാതായവരെ ഒഴുക്ക് കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോയേക്കുമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.