കണ്ണൂര്‍: കണ്ണൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴ്പ്പള്ളി പുതിയങ്ങാടിയിലെ കൊട്ടാരത്തിൽ ബിജുവിനെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മദ്യപിച്ച് കിണറ്റില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായ കൊട്ടാരത്തിൽ ബിജുവിനെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ഇരട്ടി അഗ്നിശമന സേനയുടെ സഹായത്തോടെ പണി കഴിയാത്ത വീടിന് സമീപത്തെ കിണറിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

10 കോലോളം ആഴമുള്ള കിണറ്റിൽ 4 കോലോളം വെള്ളമുണ്ടായിരുന്നു. ഫയർഫോഴ്സ് സേനാംഗങ്ങൾ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കിണറ്റിലെ വെള്ളത്തിൽ തിരച്ചിൽ നടത്തിയത്. സേനാംഗങ്ങളായ ടി മോഹനൻ, വിജീഷ് കെ വി, സന്ദീപ് പി ആർ, ആദർശ് എ, വിഷ്ണു പ്രകാശ്, പ്രവീൺകുമാർ, രമേശ് കുമാർ, ജോജോ എം എ തുടങ്ങിയവർ തെരച്ചിലിന് നേതൃത്വം നൽകി.