ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിൻ്റെ മകൻ ആകാശ് ആണ് മരിച്ചത്. 20 വയസായിരുന്നു. ദില്ലിയിൽ നിന്നും 13 ദിവസം മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. ഭക്ഷണവുമായെത്തിയ ബന്ധുക്കളാണ് ആകാശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആകാശ് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു.

കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ഒരു ശ്രദ്ധകുറവ് പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിരീക്ഷണത്തിലുള്ളവർക്കും ചികിത്സയിലുള്ളവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് പ്രധാന കൊവിഡ് ആശുപത്രികളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും തുടരുന്ന ആത്മഹത്യകൾ സൂചിപ്പിക്കുന്നത് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂടുതൽ ശ്രദ്ധ വേണമെന്നതാണ്.