കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കും ചികിത്സാ നിഷേധമുണ്ടായെന്ന പരാതി ഉയര്‍ന്ന കാരിത്താസ് , മാതാ ആശുപത്രികൾക്കെതിരെയുമാണ് പ്രതിഷേധം

കോട്ടയം: കോട്ടയത്ത് പനിബാധിച്ച ചികിത്സ കിട്ടാതെ അറുപത്തിരണ്ടുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ച സ്വകാര്യ ആശുപത്രികളിലേക്കുമാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മൂന്ന് ആശുപത്രികളിലേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. പ്രതിഷേധമാര്‍ച്ച് ഇടക്ക് അക്രമാസക്തവുമായി.

യുവമോര്‍ച്ചക്ക് പുറമെ കോൺഗ്രസ് അനുകൂല സംഘടനകളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ആശുപത്രികൾക്കെതിരെ ചികിത്സാ പിഴവിനും മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ ആശുപത്രി അധികൃതരും ഇന്ന് റിപ്പോർട്ട് നൽകും. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാകും ആരോഗ്യ വകുപ്പിന്‍റെ നടപടി.

കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ഇന്നലെ മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മ‍ൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എച്ച് വൺ എൻ വൺ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹം ഗുരുതരാവസ്ഥയിലായത്. ചികിത്സാ നിഷേധമുണ്ടായെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് കേസ്.