തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് യുവമോർച്ചയുടെ പ്രതിഷേധം. അഞ്ച് പ്രവർത്തകരടങ്ങുന്ന സംഘം ഫ്ലാറ്റിന്‍റെ കോംപൗണ്ടിൽ കടന്ന് മുൻവശത്തെ ചില്ലു വാതിൽ അടിച്ചു തകർത്തു. ഫ്ളാറ്റ് കവാടത്തിൽ കരിഓയിലും ഒഴിച്ചു. പ്രതിഷേധത്തെ കുറിച്ച് പൊലീസിന് സൂചനയൊന്നും ഉണ്ടായിരുന്നില്ല. അക്രമം അറിഞ്ഞ് എത്തിയ പൊലീസ് സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിന് തൊട്ടടുത്തെ ഫ്ളാറ്റിൽ കസ്റ്റംസ് ഇന്നലെയെത്തി പരിശോധന നടത്തിയിരുന്നു. ഒന്നും പറയാനില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു ശിവശങ്കറിന്‍റെ പ്രതികരണം. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. കസ്റ്റംസ് ആവശ്യപ്പെട്ടതിന് അനുസരിച്ച് സന്ദര്‍ശക രജിസ്റ്റർ ഫ്ളാറ്റിലെ കെയർടേക്കറും സെക്യൂരിറ്റി ജീവനക്കാരനും കൈമാറി.

സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‍ന സുരേഷും ശിവശങ്കറും തമ്മിലെ ബന്ധം ഇതിനകം തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ബന്ധം സ്വർണ്ണം കടത്താൻ ഉപയോഗിച്ചോ എന്നാണ് അറിയേണ്ടത്. സെക്രട്ടറിയേറ്റിന് സമീപം ശിവശങ്കർ താമസിക്കുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ച് എന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടന്നോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത നിരവധി ചടങ്ങുകളിലും സ്വപ്‍നയുടെ സാന്നിധ്യമുണ്ട്. ഒളിവിലുള്ള സ്വപ്നയുടെ ഉന്നതബന്ധങ്ങളിലേക്ക് കസ്റ്റംസ് കടന്നു എന്നാണ് ശിവശങ്കറിൻറെ ഫ്ലാറ്റിലെ പരിശോധനയില്‍ നിന്ന് വ്യക്തമാവുന്നത്.