തിരുവനന്തപുരം: കൊവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. മഹാമാരി, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഒരു സാമ്പത്തികാഘാത സർവേ വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ നടത്തും.

ഈ സർവേയുടെ ഭാഗമായി വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് ഒരു ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘടനകൾ, സ്ഥാപനങ്ങൾ, ഉൽപ്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുന്നത്. കൊവിഡ് 19 മഹാമാരിയും തുടർന്നുള്ള ലോക്ഡൗണും അതുമൂലം മേൽപ്പറഞ്ഞ മേഖലകളിൽ എന്തെല്ലാം ആഘാതങ്ങൾ ഉണ്ടായി എന്നത് സംബന്ധിക്കുന്ന ചോദ്യങ്ങൾ ഈ ചോദ്യാവലിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മഹാമാരിയിൽ ഉണ്ടായ സാമ്പത്തികാഘാതം മറികടക്കാൻ വേണ്ട സമയത്തെക്കുറിച്ചും മാർഗങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഈ സർവേയിൽ ഉൾപ്പെടുന്നില്ല.

ഈ സർവേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ അനുമതി നൽകിയ പൊതുകാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ. വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനം ഉണ്ടാകാത്ത തരത്തിലാകും ഡാറ്റയുടെ ഉപയോഗം. സാമ്പത്തികാഘാത സർവേയുടെ വിശദാംശങ്ങൾക്കും ചോദ്യാവലിക്കുമായി eis.kerala.gov.in സന്ദർശിക്കുക. 

മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാർ സിങ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ രാമകുമാർ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ. ഒരു മാസത്തിനുള്ളിൽ ഇടക്കാല പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. മൂന്നു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുവാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.