സംസ്ഥാനത്ത് ഓൺലൈൻ സംവിധാനത്തിലൂ‌ടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു അധ്യയന വർഷത്തിനാണ് ശരിക്കും കേരളം സാക്ഷ്യം വിഹിക്കുന്നത്. എന്നാൽ, ഇത്തരമൊരു അവസ്ഥയെ നേരിടാൻ തക്കവണ്ണം നമ്മുടെ പൊതു വിദ്യാലയങ്ങളെ പ്രാപ്തമാക്കിയതിൽ കിഫ്ബിയുടെ (കേരള ഇൻഫ്രാസ്‌ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ഇ‌‌ടപെ‌ടൽ വളരെ വലുതായിരുന്നു. 

ഓൺലൈനിൽ അധ്യയനം സാധ്യമാകത്തക്ക തരത്തിൽ നമ്മുടെ പൊതു വിദ്യാലയങ്ങളുടെ സാങ്കേതിക നിലവാരം വർധിപ്പിക്കാൻ കിഫ്ബിയുടെ പദ്ധതികൾക്ക് സാധിച്ചതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രം​ഗത്ത് വെല്ലുവിളിയായപ്പോൾ ക്ലാസുകൾ ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറ്റാൻ വിദ്യാഭ്യാസ വകുപ്പിന് ആത്മവിശ്വാസം നൽകിയത് സാങ്കേതികമായി കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും ഉണ്ടായ മുന്നേറ്റമാണ്.  

കേരളത്തിലെ 4,752 സ്കൂളുകളാണ് ഹൈടെക് ആക്കി മാറ്റിയത്. ഇതുവഴി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കിഫ്ബിയുടെ ധനസഹായത്തിന് കഴിഞ്ഞു. 785 കോടി രൂപയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചിത്രം മാറ്റി വരയ്ക്കുന്ന ഈ പദ്ധതിയുടെ ചിലവിനായി കിഫ്ബി നൽകിയത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആയിരുന്നു സ്കൂളുകളെ ഹൈ‌ടെക് ആക്കി വികസിപ്പിക്കാനുളള പദ്ധതി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഏജൻസി. 

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കിഫ്ബി ന‌ടപ്പാക്കിയ പദ്ധതികളെപ്പറ്റിയും അവ വിദ്യാഭ്യാസ രം​ഗത്ത് വരുത്തിയ മുന്നേറ്റത്തെപ്പറ്റിയും കിഫ്ബി അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ വിശദമാക്കുന്നു.

കിഫ്ബിയുടെ ഔദ്യോ​ഗിക എഫ്ബി പോസ്റ്റിന്റെ പൂർണരൂപം:

ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു അധ്യയന വർഷത്തിന് നാളെ തുടക്കം കുറിക്കുകയാണ്. ലോകം മുഴുവൻ കോവിഡ് 19 മഹാമാരിയുടെ നീരാളിപ്പിടുത്തത്തിലായതിനെ തുടർന്നാണ് ഓൺലൈൻ കേന്ദ്രീകരിച്ച് ഒരു അധ്യയന വർഷത്തിന് ആരംഭം കുറിക്കേണ്ടി വന്നത്. എന്നാൽ ഇത്തരമൊരു അവസ്ഥയെ നേരിടാൻ തക്ക വണ്ണം നമ്മുടെ പൊതു വിദ്യാലയങ്ങളെ പ്രാപ്തമാക്കിയതിൽ കിഫ്ബിക്ക് അഭിമാനിക്കാം.

ഓൺലൈനിൽ അധ്യയനം സാധ്യമാകത്തക്ക തരത്തിൽ നമ്മുടെ പൊതു വിദ്യാലയങ്ങളുടെ സാങ്കേതിക നിലവാരം വർധിപ്പിക്കാൻ കിഫ്ബിയുടെ ധനസഹായത്തിന് കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യമുണ്ടാക്കുന്നതാണ്. നമ്മുടെ പൊതു വിദ്യാലയങ്ങളിലെ 45000 ക്ലാസ് മുറികളാണ് കിഫ്ബി ധനസഹായത്തോടെ സ്മാർട് ക്ലാസുകളും, ഹൈടെക് ലാബുകളും ആയി പരിവർത്തനം ചെയ്യപ്പെട്ടത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ സ്ക്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. 11287 എൽ പി യുപി സ്കൂളുകളിൽ 56445 ലാപ് ടോപ്പ് കംപ്യൂട്ടറുകൾ, 245 29പ്രൊജക്ടറുകൾ, 5644 പ്രിൻററുകൾ,3248 എൽ ഇ ഡി ടീവികൾ,56445 യു എസ് ബി സ്പീക്കറുകൾ , രണ്ടു വർഷത്തേക്കുള്ള ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ എന്നിവയ്ക്കുള്ള ധനസഹായം കിഫ്ബി നൽകി. ഇതിനു പുറമേയാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലെ 45000 ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനുള്ള ധനസഹായം മൂന്ന് ഘട്ടങ്ങളായി നൽകിയത്. 45000 ലാപ് ടോപ്പുകൾ, 15000 ഡെസ്ക്ടോപ്പുകൾ, 45000 പ്രൊജക്ടറുകൾ ,നെറ്റ് വർക്കിങ് എന്നിവയ്ക്ക് വേണ്ടി ഈ ഫണ്ട് ഉപയോഗിച്ചു.ഈ ക്ലാസ് റൂമുകളിലേക്കുള്ള പ്രിന്ററുകൾ, യു പി എസ്, സ്റ്റിൽ കാമറകൾ, വെബ് ക്യാമറകൾ എന്നിവയ്ക്കുള്ള പണവും ഇതിലുൾപ്പെടുന്നു.4752 സ്കൂളുകൾ ഇത്തരത്തിൽ ഹൈടെക് ആക്കി.ഇതു വഴി നമ്മുടെ പൊതു വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കിഫ്ബിയുടെ ധനസഹായത്തിന് കഴിഞ്ഞു.

785 കോടി രൂപയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചിത്രം മാറ്റി വരയ്ക്കുന്ന ഈ പദ്ധതിയുടെ ചിലവിനായി കിഫ്ബി നൽകിയത്.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് പദ്ധതി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഏജൻസി. കോവിഡ് മഹാമാരി പോലെ ഒരു വൻ പ്രതിസന്ധി മുൻകൂട്ടി കണ്ടിട്ടല്ലെങ്കിൽ കൂടി സമയക്രമം പാലിച്ച് കിഫ് ബി ധനലഭ്യത ഉറപ്പു വരുത്തിയത് ഈ വേളയിൽ നേട്ടമായി മാറുകയായിരുന്നു. വിദ്യാഭ്യാസ വികസന സൂചികയിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിന് ഈ പ്രതിസന്ധി കാലത്തും ആ നിലവാരം കാത്തു സൂക്ഷിക്കാൻ നിമിത്തമായതിൽ കിഫ്ബിക്ക് അഭിമാനമുണ്ട്.

ആദ്യ ആഴ്ച ട്രയൽ

ആദ്യ ഒരാഴ്ച ട്രയൽ അടിസ്ഥാനത്തിലാണ് ക്ലാസുകൾ സംസ്ഥാനത്ത് സംഘ‌ടിപ്പിക്കുന്നത്. ആദ്യ ആഴ്ചയിലെ പ്രശ്ന പരിഹാരിച്ച് അടുത്ത ആഴ്ച മുതൽ ക്ലാസുകൾ കുറെക്കൂടി സജീവമാകും. ഓൺലൈൻ അധ്യയനത്തിലെ പ്രശ്ന പരിഹാരത്തിന് കൂടുതൽ വകുപ്പുകളുടെയും  സന്നദ്ധ സംഘടനകളുടെയും ഇടപെടലുകൾ അനിവാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. 

വിക്ടേർസ് ചാനൽ വഴിയുള്ള ക്ലാസുകൾ വീട്ടിലുള്ള രക്ഷകർത്താക്കളും അധ്യാപകരും വിലയിരുത്തണമെന്നും, ഓൺലൈൻ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകളിലെ സംശയങ്ങൾ ഇത്തരത്തിൽ ഓരോ വിദ്യാർഥിക്കും അവരവരുടെ അധ്യാപകരുമായി സംവദിച്ചു സംശയങ്ങൾ തീർക്കാം. എല്ലാവരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചു കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് മന്ത്രി ഉറപ്പ് നൽകി. 

ഒരാഴ്ചത്തെ ട്രയലിന് ശേഷം ഭിന്ന ശേഷിയുള്ള വിദ്യാർഥികളുടേതടക്കം ഓൺലൈൻ ക്ലാസ്സിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കും. 

കോളേജ് സമയമാറ്റം അന്തിമ തീരുമാനം പൊതുതാത്പര്യം പരിഗണിച്ച് മാത്രമെന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. ഒരു തീരുമാനവും സര്‍ക്കാര്‍ അടിച്ചേൽപ്പിക്കില്ലെന്നും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും ജലീൽ പറഞ്ഞു. ചരിത്ര ക്ലാസ് എടുത്ത് മന്ത്രി ജലീൽ കോളേജുകളിലേക്കുള്ള ഓൺലൈനായി പഠനത്തിന് തുടക്കമിട്ടു.

കോളേജുകളിൽ വരാൻ സൗകര്യമുള്ളവർ കോളേജുകളിൽ എത്തി ക്ലസ്സെടുക്കുകയെന്നതാണ് നിലവിലെ തീരുമാനം. എത്ര പേർക്ക് ഓൺലൈൻ ക്ലാസ് പ്രയോഗികമാകുന്നുണ്ടെന്ന് അധ്യാപകർ നിരീക്ഷിക്കണം. ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസിന്റെ ലിങ്ക് ഉപയോഗിച്ചും ക്ലാസിന്റെ ഭാഗമാകാം. സമയ മാറ്റത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം. ഈ കാര്യത്തിൽ പൊതുതാല്പര്യം പരിഗണിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 8:30 മുതൽ ഉച്ചക്ക് 1:30 വരെ സമയം ക്രമീകരിച്ചാൽ സമയം ലാഭമാണെന്നും എന്നാൽ, ചർച്ചയിലൂടെ മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി ആവർത്തിച്ചു. ഒന്നും സർക്കാർ അടിച്ചേല്പിക്കില്ല. വിഷയത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷകർത്തകളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം. ചരിത്ര ക്ലാസ് എടുത്തു കൊണ്ട് ജലീൽ കോളേജിലെ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയതു.

കേന്ദ്രീകതമായല്ല കോളേജിലെ ഓൺലൈൻ ക്ലാസുകൾ. ഓരോരോ കോളേജുകളിലെ അദ്ധ്യാപകർ അവരവരുടെ വിദ്യാർഥികളെ ഓൺലൈൻ ആയി പഠിപ്പിക്കുന്നതാണ് രീതി. ഇതിനായി പുതിയ സമയക്രമത്തിൽ ടൈം ടേബിൾ തയ്യാറാകും.