കേരളത്തിന് പുറത്ത് രാജ്യത്തെ മറ്റിടങ്ങളിൽ ജീവിക്കുന്ന മലയാളികൾക്കിടയിലും കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് പ്രചാരമേറുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും പ്രവാസി ചിട്ടിയിൽ മലയാളികളായ അംഗങ്ങളുടെ എണ്ണം വർധിച്ചുവരുകയാണ്. വെറും 196 ദിവസം കൊണ്ട് നൂറു കോടിയിൽ നിന്നും നിക്ഷേപം 200 കോടിയിൽ എത്തിയതിന് പിന്നിൽ ഇവരുടെ പങ്കാളിത്തവും ഉണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ദില്ലി എന്നിവടങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിട്ടിക്ക് ലഭിക്കുന്നത്. മറ്റിടങ്ങളിൽ നിന്നും ചട്ടിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും അനുദിനം ഉയരുകയാണ്.

ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം മൊത്തം 4,788 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ചട്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് 1,023 പേർ ചിട്ടിയുടെ വരിക്കാരാവുകയും ചെയ്തു.

കർണാടകയിൽ നിന്നാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ പ്രവാസി ചിട്ടിക്ക് ലഭിച്ചത്. 1,420 പേരാണ് കർണാടകയിൽ നിന്ന് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. 1,106 പേരുടെ രജിസ്ട്രേഷനുമായി തൊട്ടുപിന്നിൽ തമിഴ്നാടുണ്ട്. മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം യഥാക്രമം 756 ഉം 456 ഉം ആണ്. മറ്റ് സംസ്ഥാനങ്ങൾ, ലഡാക്ക് അടക്കമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുപോലും രജിസ്ട്രേഷൻ ദിനംപ്രതി ഉയരുകയാണ്.

സമ്പാദ്യത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുകയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട പ്രവാസി വരിക്കാരനായ ഡിനി ചാക്കോ, മറ്റു കാരണങ്ങളെ തുടർന്ന് പ്രവാസ ജീവിതത്തിനിടയിൽ മരിച്ച ഇബ്രാഹിം അമ്മുഞ്ഞി, ജോൺസൺ ഡിക്രൂസ്, വിഷ്ണു വിജയകുമാർ എന്നിവരുടെ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട പൂർണ തുകയാണ് മടക്കി നൽകുന്നത്. ചിട്ടി വിളിച്ചാൽ ലഭിക്കാവുന്ന പൂർണ തുക  അവകാശികൾക്ക് നൽകാൻ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമേ ചിട്ടികളുടെ ഭാവി തവണകൾ ഒഴിവാക്കുവാനും കെഎസ്എഫ്ഇ തീരുമാനമെടുത്തു.

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗമാകുന്നതോടെ സമ്പാദ്യവും ഭാവി ജീവിതത്തിന്റെ സുരക്ഷയും ഒപ്പം നാടിന്റെ വികസനത്തിൽ പങ്കാളിത്തവുമാണ് കേരള സർക്കാർ നിക്ഷേപകർക്ക് ഉറപ്പുനൽകുന്നത്. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ പ്രവാസി ചിട്ടിയിൽ ഇനിയും അംഗമാകാം. ഏതു തരം വരുമാനക്കാർക്കും യോജിച്ച രീതിയിൽ പ്രതിമാസ വരിസംഖ്യ വെറും 2,500 രൂപയിൽ തുടങ്ങുന്ന ചിട്ടികൾ പദ്ധതിക്ക് കീഴിൽ നിലവിലുണ്ട്.