Asianet News MalayalamAsianet News Malayalam

നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി ചെലവിൽ 14 സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കും: മുഖ്യമന്ത്രി

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3,129 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും.

under 100 days action plan build 14 school buildings in three crore rupees
Author
Thiruvananthapuram, First Published Sep 9, 2020, 5:44 PM IST

നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി മൂന്നു കോടി രൂപ ചെലവഴിച്ച് 14 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിലായി പൂർത്തിയാക്കിയ 34 ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3129 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും. 350 ലധികം വിദ്യാലയങ്ങളിൽ പ്‌ളാൻഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ട്. കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസവും വിജയമായി. മറ്റുള്ളവർക്ക് ഇതിലൂടെ കേരളം മാതൃക കാട്ടി. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കൈകോർത്തു.

അതേസമയം ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്ന സ്‌കൂളുകളുടെ കാര്യത്തിൽ ചിലർ സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങളെല്ലാം മലബാർ ഭാഗത്തെ സ്‌കൂളുകൾക്കാണെന്നായിരുന്നു പ്രചാരണം. എന്നാൽ ബാലരാമപുരം മുതൽ ചേലക്കരെ വരെയുള്ള മേഖലയിലെ 19 സ്‌കൂളുകൾക്കാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്.

നാട്ടിൽ നടക്കുന്ന നല്ലകാര്യങ്ങളെ അപകീർത്തിപ്പെടുത്താൻ ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലൈഫ് മിഷന്റെ കാര്യത്തിലും ഇത് സംഭവിച്ചു. രണ്ടേകാൽ ലക്ഷം വീടുകളാണ് ലൈഫ് മിഷനിൽ പൂർത്തിയാക്കി വീടില്ലാത്തവർക്ക് നൽകിയത്. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾക്കാണ് അഭിമാനബോധം പകരാനായത്. സാധാരണ മനുഷ്യരെക്കുറിച്ച് താത്പര്യമുള്ള എല്ലാവരും ഇത്തരം പദ്ധതികൾ സ്വാഗതം ചെയ്യും. പദ്ധതി വിജയിപ്പിക്കുന്നതിന് നാട്ടിലെ സുമനസ്സുകളെല്ലാം ഒപ്പം ചേർന്നു.

നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ കിഫ്ബി പ്രധാന പങ്ക് വഹിക്കുന്നു. നാടിന്റെ എല്ലാ മേഖലകളും മെച്ചപ്പെടണം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നമുക്ക് നല്ല പേരുണ്ട്. എന്നാൽ കൂടുതൽ മെച്ചപ്പെടാനുള്ള ശ്രമം വേണം. അതിന് കുറവുകൾ കണ്ടെത്തി പരിഹരിക്കണം. പക്ഷപാതമില്ലാതെ എല്ലാ മണ്ഡലങ്ങളിലും മികവിന്റെ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

Follow Us:
Download App:
  • android
  • ios