ഇവരില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

ആലപ്പുഴ: മുതുകുളം പ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടത്തിവന്നിരുന്ന അഞ്ചംഗ സംഘം കായംകുളം കനകക്കുന്ന് പൊലീസിന്റെ പിടിയിലായി. 

മുതുകുളം തെക്ക് കണ്ടകശ്ശേരില്‍ അമല്‍കേശ് (31), പുതിയവിള ശ്രീഭവനത്തില്‍ മനുമോഹന്‍ (കണ്ണന്‍26), പുതിയവിള മൂരാണിയ്ക്കല്‍ പടീറ്റതില്‍ രാഹുല്‍ (20), മുതുകുളം തെക്ക് അതുല്യാലയത്തില്‍ അരുണ്‍ (19), പുതിയവിള തയ്യില്‍ വീട്ടില്‍ അശ്വിന്‍ (17) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെ മുതുകുളം മായിക്കല്‍ പള്ളിക്ക് വടക്ക് ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് കനകക്കുന്ന് എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് ചെറു പൊതികളായി സൂക്ഷിച്ചിരുന്ന 12 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരില്‍ അശ്വിനെ ചേര്‍ത്തല ജുവനൈല്‍ കോടതിയിലും ബാക്കിയുള്ളവരെ കായംകുളം കോടതിയിലും ഹാജരാക്കി. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രഹ്‌ളാദന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ്, ഷാനവാസ് എന്നിവരും ഉണ്ടായിരുന്നു.