വായ്ക്കകത്ത് ബാക്ടീരിയകള്‍ പെരുകുന്നതാണ് പ്രധാനമായും പല്ലുകളില്‍ ദ്വാരങ്ങളുണ്ടാകാനുള്ള കാരണം. ഇവയെ തുരത്തുന്നതിലൂടെ ഒരു പരിധി വരെ പല്ല് നശിക്കുന്നത് ഒഴിവാക്കാനാകുന്നു

പല്ലുകളിലുണ്ടാകുന്ന ദ്വാരങ്ങള്‍ പൊതുവേ കുട്ടികളിലും വയസ്സായവരിലുമാണ് കാണാറ്. ഈ ദ്വാരങ്ങള്‍ ക്രമേണ പല്ലിനെ തന്നെ നശിപ്പിച്ചുകളയും. പല കാരണങ്ങള്‍ കൊണ്ടാകാം, പല്ലില്‍ ദ്വാരങ്ങള്‍ വീഴുന്നത്. പല്ലിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തതോ, ബാക്ടീരിയയുടെ ആക്രമണമോ ഒക്കെയാകാം കാരണങ്ങള്‍. ഇതിനെ തുടര്‍ന്നുണ്ടാകുന്ന വേദനയും അസ്വസ്ഥതയും മാറാനിതാ എട്ട് മരുന്നുകള്‍...

1. ഫ്‌ളൂറൈഡ് മൗത്ത് വാഷ്

പല്ലുകളിലെ മിനറലുകള്‍ നശിക്കുന്നതാണ് പല്ല് നശിക്കാനുള്ള ഒരു പ്രധാന കാരണം. ഇത് സംരക്ഷിച്ച് നിര്‍ത്താന്‍ ഫ്‌ളൂറൈഡാണ് ഏറ്റവും നല്ലത്. അതിനാല്‍ ഇടയ്ക്കിടെ വായ ഫ്‌ളൂറൈഡ് മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. 

2. കരയാമ്പൂ

വായ്ക്കകത്തുണ്ടാകുന്ന ഏത് തരം പ്രശ്‌നങ്ങള്‍ക്കും ഒരുത്തമ മരുന്നാണ് കരയാമ്പൂ. ബാക്ടീരിയകളെ തുരത്താനുള്ള കഴിവുള്ളതിനാല്‍ ഇവ പല്ലുകളില്‍ ദ്വാരങ്ങളുണ്ടാകുന്നതിനേയും ചെറുക്കുന്നു. 

3. വെളുത്തുള്ളി

പച്ച വെളുത്തുള്ളി വെറുതേ ചവച്ചിറക്കുന്നതാണ് മറ്റൊരു മരുന്ന്. ഫംഗസിനും ബാക്ടീരിയയ്ക്കുമെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവ് വെളുത്തുള്ളിയ്ക്കുള്ളതിനാലാണ് ഇവ പല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാകുന്നത്. 

4. എല്ലിന്‍ സൂപ്പ്

പല്ലിന് ബലമേകാന്‍ സഹായിക്കുന്ന ഭക്ഷണമാണ് എല്ലിന്‍ സൂപ്പ്. ധാരാളം വിറ്റാമിനുകളും, കൊഴുപ്പും മിനറലുകളുമങ്ങിയതിനാല്‍ പല്ല് ദ്രവിക്കുന്നത് തടയാന്‍ ഇതിനാകും. 

5. ഉപ്പുവെള്ളം

പല്ലുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നങ്ങള്‍ക്കുമുള്ള എളുപ്പത്തിലുള്ള പരിഹാരമാണ് ഉപ്പുവെള്ളം. ഇത് വായ്ക്കകത്തെ ബാക്ടീരിയകളെ നീക്കുന്നതിന് പുറമേ പല്ലുകളിലെ ദ്വാരങ്ങളിലുള്ള വഴുവഴുപ്പും നീക്കുന്നു. കൂടാതെ വായ്ക്കകത്തെ പി.എച്ച് ലെവലിനെ തുലനപ്പെടുത്താനും ഇവയ്ക്കാകും. 

6. കരയാമ്പൂ എണ്ണ

കരയാമ്പൂവിലടങ്ങിയിരിക്കുന്ന യൂജിനോള്‍ നല്ല വേദനസംഹാരിയാണ്. പല്ലുകളിലെ ദ്വാരങ്ങളുണ്ടാക്കുന്ന ശക്തിയായ വേദനയ്ക്ക് കരയാമ്പൂ എണ്ണ ഉപയോഗിക്കുന്നത് ഒരേസമയം ബാക്ടീരിയകളെ തുരത്തുന്നതിനൊപ്പം വേദനയും ഇല്ലാതാക്കുന്നു. 

7. വെജിറ്റബിള്‍ എണ്ണകള്‍

ഒലിവ് ഓയിലോ, വെളിച്ചെണ്ണയോ പോലുള്ള വെജിറ്റബിള്‍ എണ്ണകളില്‍ ഏതെങ്കിലും എണ്ണ അഞ്ച് മുതല്‍ 10 മിനുറ്റ് വരെ വായില്‍ കൊള്ളുന്നതാണ് മറ്റൊരു മരുന്ന്. ഇത് വായ്ക്കകത്തെ അണുക്കളെ നശിപ്പിക്കും. 

8. ചെറുനാരങ്ങ

ചെറുനാരങ്ങയിലടങ്ങിയിരിക്കുന്ന ആസിഡ് വായ്ക്കകത്തെ അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. ചെറുനാരങ്ങയുടെ ചെറിയ കഷ്ണം നന്നായി ചവച്ച ശേഷം വെള്ളമുപയോഗിച്ച് വായ് കഴുകാം.