Asianet News MalayalamAsianet News Malayalam

നിങ്ങളുടെ മക്കള്‍ ലഹരിക്ക് അടിമയാണോ? ഇതാ 9 കാരണങ്ങള്‍

9 reasons to check children under drug addict
Author
First Published Jun 26, 2016, 7:03 AM IST

കാലം പോകുന്ന പോക്കേ. ഇന്നു പുകവലി, മദ്യപാനം, ലഹരിമരുന്ന് ഉപയോഗം എന്നിവ തുടങ്ങാന്‍ അത്ര വലിയ പ്രായമൊന്നും വേണ്ട. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് നിയമം. എന്നാല്‍ ഇന്നു മദ്യപാനവും പുകവലിയും ലഹരിമരുന്ന് ഉപയോഗവുമൊക്കെ കൗമാരക്കാരുടെയിടയില്‍ ഏറിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും സ്വന്തം മകന്‍ പുകവലിയോ മദ്യപാനമോ തുടങ്ങുന്നത് രക്ഷിതാക്കള്‍ അറിയാറില്ല. ഒടുവില്‍ ലഹരിക്കു അടിപ്പെട്ടു, സംഗതി വഷളാകുമ്പോഴായിരിക്കും രക്ഷിതാക്കള്‍ അറിയുക. മകന്‍ ലഹരിക്കു അടിപ്പെട്ടുവെന്ന് തിരിച്ചറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം....

ച്യൂയിങത്തിന്റെ ഉപയോഗം

മകന്‍ അമിതമായി ച്യൂയിങം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക, അവന്‍ ലഹരി ഉപയോഗിച്ചു തുടങ്ങിയേക്കാവുന്നതിന്റെ ഒരു സൂചനയാണത്. ലഹരി ഉപയോഗിക്കുന്നവര്‍ മദ്യത്തിന്റെയും പുകയിലയുടെയും മണം മറ്റുള്ളവര്‍ അറിയാതിരിക്കാനാണ് ഇത്തരത്തില്‍ ച്യൂയിങം ഉപയോഗിക്കുന്നത്.

തീപ്പെട്ടി ബോക്‌സും ലൈറ്ററുകളും

മകന്റെ മുറിയിലോ, ബാഗിലോ, വസ്‌ത്രങ്ങളിലോ തീപ്പെട്ടിയോ ലൈറ്ററോ കണ്ടെത്തിയാല്‍, അവന്‍ പുകവലി തുടങ്ങിയിരിക്കുന്നുവെന്ന് സംശയിക്കാം. കൂടുതല്‍ നിരീക്ഷണത്തിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാകും.

ചുരുട്ടിയ പേപ്പര്‍

മകന്റെ മുറിയിലോ, ബാഗിലോ, വസ്‌ത്രങ്ങളിലോ ചുരുട്ടിയ പേപ്പര്‍ കണ്ടെത്തിയാല്‍, അവന്‍ കഞ്ചാവ് പോലെയുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിവരും. ഇക്കാര്യം രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതയോടെ ശ്രദ്ധിക്കണം.

അമിത ചെലവ്

സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന മകന് ആവശ്യത്തിലധികം ചെലവുണ്ടെങ്കില്‍ അക്കാര്യം രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പോക്കറ്റ് മണിയായി ആവശ്യത്തിലേറെ പണം പതിവായി ആവശ്യപ്പെടുന്നുണ്ടെങ്കില്‍, ഏതെങ്കിലും തരത്തിലുള്ള പാഴ്‌ചെലവ് അവനുണ്ടെന്ന് സംശയിക്കാം. കൂടുതല്‍ പരിശോധനകള്‍ നടത്തി, ലഹരിമരുന്ന് ഉപയോഗത്തിനാണോ പണം അമിതമായി ചെലവിടുന്നതെന്ന് മനസിലാക്കണം.

കണ്ണ് ചുവന്നിരിക്കുക, ചെറുതാകുക

മകന്‍ ലഹരിമരുന്നോ മദ്യമോ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കാന്‍ എളുപ്പവഴിയാണിത്. മദ്യപിച്ചുവരുമ്പോള്‍ കണ്ണ് ചുവന്നിരിക്കും. ചില അവസരങ്ങളില്‍ കണ്ണ് ചെറുതായിരിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ മകന് മേലുള്ള നിരീക്ഷണം ശക്തമാക്കണം.

കണ്ണിലൊഴിക്കുന്ന മരുന്ന്

മകന്റെ മുറിയിലോ, ബാഗിലോ, വസ്‌ത്രങ്ങളിലോ കണ്ണിലൊഴിക്കുന്ന മരുന്ന് കണ്ടെത്തിയാല്‍ ലഹരിമരുന്ന് ഉപയോഗം സംശയിക്കാം. സ്ഥിരമായി മദ്യപിക്കുമ്പോള്‍ കണ്ണ് ചുവക്കുന്നു. ഇതിനു രക്ഷിതാക്കള്‍ അറിയാതെ ഡോക്‌ടറെ കണ്ടു മരുന്നു വാങ്ങാന്‍ മകന്‍ തയ്യാറാകും.

പെട്ടെന്നു ഭാരം കുറയുക

മകന്റെ ഭാരവും വണ്ണവും അകാരണമായി പെട്ടെന്ന് കുറയാന്‍ തുടങ്ങുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കുക. മകന്‍ അമിതമായി ലഹരി ഉപയോഗിക്കുന്നതുകൊണ്ടും ഇത്തരത്തില്‍ ഭാരവും വണ്ണവും കുറയുമെന്ന് മനസിലാക്കുക.

ഒറ്റയ്‌ക്കു ഇരിക്കുക

പതിവില്‍നിന്നു വ്യത്യസ്‌തമായി മകന്‍ കൂടുതല്‍ സമയം ഒറ്റയ്‌ക്ക് ഇരിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കുക. അവന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നു സംശയിക്കാന്‍ ഒരു കാരണമാണിത്. രക്ഷിതാക്കള്‍ മുറിയിലേക്കു വരുന്നതില്‍ അസഹിഷ്‌ണുത പ്രകടിപ്പിക്കുണ്ടെങ്കിലും സംശയിക്കേണ്ട സാഹചര്യമാണ്. മക്കള്‍ക്കു ആവശ്യത്തിനു സ്വാതന്ത്ര്യം നല്‍കാം. എന്നാല്‍ എപ്പോഴും അവന്റെ മേല്‍ ഒരു കണ്ണുവേണം.

ഭക്ഷണത്തോട് ആര്‍ത്തി

പതിവില്‍നിന്നു വ്യത്യസ്‌തമായി ഭക്ഷണത്തോടു കൂടുതല്‍ ആര്‍ത്തി കാണിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ലഹരിക്കു അടിപ്പെടുമ്പോള്‍, ഇത്തരത്തില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടുന്നതു സ്വാഭാവികമാണ്.

മകന്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയാല്‍?

മകന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയാല്‍, അവനെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ പാടില്ല. ലഹരി ഉപയോഗം ദോഷകരമാണെന്നു പറഞ്ഞു മനസിലാക്കുക. അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സ്‌നേഹത്തോടെ അവനു പറഞ്ഞുകൊടുക്കണം. ഒപ്പം അവനു എന്തെങ്കിലുംതരത്തിലുള്ള മാനസികപ്രശ്‌നമുണ്ടോയെന്നും ചോദിച്ചുമനസിലാക്കുക. അതിനുശേഷവും ലഹരി ഉപയോഗം തുടരുകയാണെങ്കില്‍ മകനെ വിദഗ്ധമായ ഒരു കൗണ്‍സിലിങ്ങിനെ വിധേയമാക്കുക.

Follow Us:
Download App:
  • android
  • ios