സന്തോഷത്തിനും വിഷാദത്തിനുമെല്ലാം ഇന്ന് കൂട്ടായി എത്തുന്നത് മദ്യമാണല്ലോ. മദ്യമില്ലാതെ ഒരു സ്ഥലത്തും മുന്നോട്ടു പോകാന്‍ കഴിയില്ലയെന്ന അവസ്ഥയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു കാര്യം ശ്രദ്ധിച്ചോളൂ... ദിവസേന മദ്യം കഴിച്ചാല്‍ നിങ്ങളുടെ ശരീരം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിയണം. ദിവസേന മദ്യം കഴിക്കുന്ന ഒരാളുടെ ശരീരത്തില്‍ സ്‌കിന്‍ ക്യാന്‍സര്‍ പിടികൂടുന്നുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 

 ബ്രോണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത ത്വക് രോഗ വിദഗ്ധനായ ഡോ. ഏണിയങ് കോ നടത്തിയ പഠനം ബ്രിട്ടീഷ് ജേണലാണ് പുറത്തു വിട്ടത്. മദ്യത്തിനായി ക്യൂ നില്‍ക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതിന് പിന്നാലെ നടത്തിയ പഠനത്തിലാണ് രണ്ടു വിധത്തിലുള്ള ത്വക്ക് ക്യാന്‍സറുകള്‍ക്ക് മദ്യം കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയത്. ദിവസേന നിങ്ങള്‍ കഴിക്കുന്ന വൈനോ ബിയറോ 10 ഗ്രാം അളവിലെങ്കിലും ശരീരത്തിനകത്തു ചെന്നാല്‍ ടൈപ്പ്-1 ക്യാന്‍സറും 11 ശതമാനമായാല്‍ ടൈപ്പ്-2 ക്യാന്‍സറിനുമാണ് സാധ്യതയെന്ന് പഠനം പറയുന്നു. 

പതിവായി മദ്യപിക്കുന്നവരില്‍ നടത്തിയ പഠനത്തിലാണ് ക്യാന്‍സര്‍ സാധ്യതകള്‍ വ്യക്തമായത്. മദ്യത്തിന്റെ ഉപയോഗം കുറച്ചാല്‍ ഇത്തരം ക്യാന്‍സറുകളില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്ന് ഡോ. ഏണിയങ് കോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഒരു ഗ്ലാസ് വൈനില്‍ പോലും ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള ചേരുവകള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ കറുത്ത അടയാളങ്ങള്‍ പോലെയാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇവ ക്രമേണെ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് മാറുന്നു