വാഷിങ്ടണ്‍: ഭാര്യ കുറച്ച് സമ്പാദിക്കുകയും കൂടുതല്‍ ചെലഴിക്കുകയും ചെയ്യുന്നതായി നിങ്ങള്‍ക്ക് തോന്നാറുണ്ടെങ്കില്‍ സൂക്ഷിക്കണമെന്നാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ വ്യക്തിത്വ പ്രതിസന്ധി സൃഷ്ടിച്ച് വിവാഹ മോചനത്തിലേക്ക് വരെ എത്തുമെന്നും ബ്രിഖാം യങ് സര്‍വകലാശാലയും കന്‍സാസ് സ്റ്റേറ്റ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. 

ഇത്തരത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പതുക്കെ മറ്റു പല ഇഷ്ടക്കേടുകളിലേക്കും നയിക്കുന്നു. ആരോഗ്യകരമായ ലൈംഗീക ജീവിതമടക്കം ഇത് താറുമാറാക്കും. സ്ത്രീക്കും പുരുഷനും ജോലിയുള്ള കുടുംബങ്ങളില്‍ ആരാണ് കൂടുതല്‍ സമ്പാദിക്കുന്നതെന്നും ആരാണ് കൂടുതല്‍ ചെലവഴിക്കുന്നതെന്നുമുള്ള തോന്നലുണ്ടായാല്‍ അത് ബന്ധങ്ങളുടെ താളപ്പിഴക്ക് കാരണമാകും. അതുപോലെ താന്‍ കൂടുതല്‍ സമ്പാദിക്കുകയും പങ്കാളി കൂടുതല്‍ ചെലവഴിക്കുകയും ചെയ്യുന്നു എന്ന തോന്നലുകളും പ്രശ്‌നങ്ങളുണ്ടാക്കും.

ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമായും പരസ്പര ധാരണയില്ലാതെയുള്ള പണം ചെലവഴിക്കുന്നത് ഒഴിവാക്കുക എന്നതാണ്. ഭാര്യ പണം ചെലവഴിക്കുമ്പോഴും ഭാര്യയുടെ പണം ഭര്‍ത്തവ് ചെലവഴിക്കുമ്പോഴും പരസ്പരം കൃത്യമായ ധാരണയുണ്ടാക്കുക. ആര് സമ്പാദിക്കുന്നു എന്നതിനപ്പുറം കുടുംബത്തില്‍ എത്ര സമ്പാദിക്കുന്നു, ചെലവഴിക്കുന്നു എന്ന് കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകുക എന്നത് ആരോഗ്യകരമായ കുടുംബബന്ധത്തിന് ഗുണം ചെയ്യുമെന്നും പഠനം പറയുന്നു.

അതേസമയം ഇത്തരം പ്രശ്‌നങ്ങള്‍ വഴക്കിലേക്കും മാനസികമായ അകല്‍ച്ചയിലേക്കും കടന്നതാല്‍ എത്രയും വേഗം ഒരു കൗണ്‍സിലിങ് നടത്തുകയോ ഏതെങ്കിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടി സാമ്പത്തിക ആസൂത്രണത്തിലൂടെ മുന്നോട്ടു പോകണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വ്യക്തിപരമായി കൈകാര്യം ചെയ്യാതെ പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ തന്നെ കൂടുതല്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പഠനം പഠനം വ്യക്തമാക്കുന്നത്.