കളിക്കുന്നതിനിടയില്‍ ഫുട്ബോള്‍ താരം പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചുവെന്ന വാര്‍ത്തയും നമ്മള്‍ കേട്ടിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് കാരണമെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഇത്തരത്തിലുള്ള ഹൃദയസംബന്ധമായ പെട്ടെന്നുള്ള അസുഖങ്ങളെ മരണത്തിലേക്കു നയിക്കുന്നത് ശരീര ഊഷ്‌മാവ് പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നതുകൊണ്ടാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ശരീര ഊഷ്‌മാവ് പെട്ടെന്ന് മാറുമ്പോള്‍ ഹൃദയത്തിലെ പ്രോട്ടീന്‍സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് ഹൃദയാഘാതം പെട്ടെന്നു ഉണ്ടാകുന്നതിനു കാരണമാകുന്നു. കാനഡയിലെ സൈമണ്‍ ഫ്രേസര്‍ സര്‍വ്വകലാശാലയിലെ പ്രൊഫ പീറ്റര്‍ റൂബന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇത്തരത്തിലുള്ള മരണം സംഭവിക്കുന്നതിനുമുമ്പ് ശരീര ഊഷ്‌മാവ് പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യാറുണ്ടെന്ന് പഠനസംഘം കണ്ടെത്തി. പാരമ്പര്യമായും ഇത്തരത്തിലുള്ള ഹൃദ്രോഗ പ്രശ്‌നങ്ങള്‍ അടുത്ത തലമുറയിലേക്ക് വ്യാപിക്കാമെന്നും പീറ്റര്‍ റൂബന്‍ മുന്നറിയിപ്പ് നല്‍കുന്നു.