മെല്‍ബണ്‍: സഹോദരിയില്‍ തന്‍റെ കുഞ്ഞ് പിറക്കണമെന്ന വിചിത്രമായ ആവശ്യവുമായി സ്വവര്‍ഗ്ഗാനുരാഗിയായ യുവാവ്. സാം ലെയ്ട്ടന്‍ എന്ന യുവാവാണു വിചിത്രമായ ഈ ആഗ്രഹം വെളിപ്പെടുത്തിയത്. സ്വന്തം സഹോദരിയുടെ അണ്ഡത്തില്‍ ജന്മം കൊള്ളുന്ന കുഞ്ഞിനു തന്‍റെ ജനിതക ഗുണങ്ങള്‍ ഉണ്ടാകും എന്നതുകൊണ്ടാണ് ഇത്തരമൊരു ആഗ്രഹം സാം പ്രകടിപ്പിച്ചത്. 

പക്ഷെ ബീജദാതാവു സാമല്ല ,പകരം സാമിന്‍റെ സ്വവര്‍ഗ്ഗ പങ്കാളിയാണ്. കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിയ്ക്കുന്നതോ പ്രസവിക്കുന്നത് സാമിന്‍റെ സഹോദരിയല്ല എന്നതാണു മറ്റൊരു കൗതുകം. ഐ വി എഫ് വഴിയുള്ള ബീജ സങ്കലനത്തിനു ശേഷം കുഞ്ഞിനെ ഗര്‍ഭം ധരിച്ചു പ്രസവിയ്ക്കാന്‍ വാടക ഗര്‍ഭപാത്രം എടുക്കാനാണ് ഇവരുടെ പദ്ധതി.

ഒരു കുഞ്ഞിനെ വേണമെന്നു ദീര്‍ഘകാലമായുള്ള തങ്ങളുടെ ആഗ്രഹമാണെന്നു സാം പറഞ്ഞു. സാമിന്‍റെ പങ്കാളിയ്ക്കും സഹോദരിയുണ്ടെങ്കിലും അവര്‍ മറ്റൊരു വിദൂരദേശത്തു കുടുംബിനിയായി കഴിയുകയാണ്. സാമിന്‍റെ വിചിത്രമായ ആഗ്രഹം കേട്ടു മാതാപിതാക്കള്‍ ആദ്യം സമ്മതം നല്‍കിയില്ല, പിന്നീട് കാര്യങ്ങള്‍ പൂര്‍ണ്ണമായും അറിഞ്ഞപ്പോള്‍ ഒടുവില്‍ അനുവാദം നല്കിയിരിയ്ക്കുകയാണ്.