കോഴിക്കോട് മാവൂരില്‍ കോളറ സ്ഥിരീകരിച്ച് പരിശോധന റിപ്പോര്‍ട്ട്. മാവൂരിലെ വിവിധ കുടിവെള്ള സ്രോതസ്സുകളില്‍ നിന്നെടുത്ത സാമ്പിളുകളിലാണ് കോളറ പരത്തുന്ന വിബ്രിയോ കൊളറെ ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.

കോഴിക്കോട് മാവൂരില്‍ നേരത്തെ രണ്ട് പേരില്‍ കോളറ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ വിവിധ കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി സി.ഡബ്ല്യു.ആര്‍.ഡി.എം സ്ഥിരീകരിച്ചു. നാളെ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറും. എന്നാല്‍ ബാക്ടീരിയ കണ്ടെത്തിയ സാമ്പിളിന്റെ വിശദ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍കിയ ശേഷം മാത്രമേ പുറത്തു വിടാനാകു എന്ന് അധികൃതര്‍ വ്യക്തമാക്കി. 

മാവൂര്‍ പുഴയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം അടക്കം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ഒരു വര്‍ഷത്തിലധികമായി സമരത്തിലാണ്. പുഴയില്‍ മല്‍സ്യങ്ങള്‍ ചത്ത് പൊങ്ങുന്നതും പുഴയിലെ വെള്ളം കുടിവെള്ളത്തില്‍ കലര്‍ന്ന് അസുഖമുണ്ടാകുന്നതും മാവൂരില്‍ പതിവാണ്. സി.ഡബ്ല്യു.ആര്‍.ഡി.എം റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.