തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. പത്തനംതിട്ടയിലും കോഴിക്കോട്ടും കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കോളറ മൂലമാണെന്ന് സ്ഥിരീകരിച്ചു. ബംഗാള്‍ സ്വദേശിയായ ബിശ്വജിത്ത് ദാസാണ് മരിച്ചത്. മലപ്പുറത്തും കോളറ മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്ട് ബംഗാളില്‍ നിന്നുള്ള അഞ്ച് തൊഴിലാളികള്‍ക്ക് കോളറ ബാധിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വയറിളക്കമുണ്ടായാല്‍ ഉടനടി ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നാണ് പൊതു ജനങ്ങളോട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. രോഗം വരാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പാചകം ചെയ്ത ഭക്ഷണമോ തുറന്നുവച്ച ഭക്ഷണമോ ഒരു കാരണവശാലും കഴിക്കരുത്. ആഹാരത്തിന് മുമ്പ് കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കോളറ മുന്‍കരുതലിനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.