ഗര്‍ഭനിരോധന ഗുളികകള്‍ ഇത്രയും കാലം സ്‌ത്രീകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇനി പുരുഷന്‍മാരും ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്ന കാലം വിദൂരമല്ലാതാകുന്നു. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അമേരിക്കയിലെ വെര്‍ജിനിയ സര്‍വ്വകലാശാലയില്‍നിന്നുള്ള ഡോ. ജോണ്‍ ഹെര്‍ ആണ് ഇതുസംബന്ധിച്ച ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. ബീജത്തിനുള്ളിലെ പ്രോട്ടീനുകളില്‍ മാറ്റംവരുത്തി ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കുന്ന മരുന്നാണ് വികസിപ്പിച്ചെടുത്തത്. ഡ്രഗ് അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഗുളിക വിപണിയില്‍ എത്തിക്കാനാകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.

ബീജവും അണ്ഡവും സംയോജിച്ചാണ് പുതുജീവന്റെ തുടിപ്പുമായി ഭ്രൂണം രൂപംകൊള്ളുന്നത്. ബീജ-അണ്ഡ സംയോജനവേളയില്‍ അത് നശിപ്പിക്കുകയോ, തടസപ്പെടുത്തുകയോ ചെയ്യുന്ന ഫലമാകും പുരുഷന്‍മാര്‍ക്കുള്ള ഗര്‍ഭനിരോധന ഗുളിക കഴിക്കുമ്പോള്‍ ലഭിക്കുക. ഇത്തരത്തില്‍ ഗര്‍ഭധാരണസാധ്യത ഇല്ലാതാക്കാനാകും.

ബീജത്തില്‍ അടങ്ങിയിട്ടുള്ള ഒരുതരം എന്‍സൈമുകളുടെ പ്രവര്‍ത്തനം മൂലമാണ്, അത് അണ്ഡവുമായി സംയോജിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നത്. അക്രൊസോമല്‍ റിയാക്ഷന്‍ എന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇതുവഴിയാണ് ബീജ-അണ്ഡസംയോജനത്തിന്റെ നിര്‍ണായഘട്ടം തുടങ്ങുന്നത്. എന്നാല്‍ ബീജത്തില്‍ അടങ്ങിയിട്ടുള്ള ഇഎസ്‌പി1 എന്ന പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുന്നതുവഴി സംയോജനത്തില്‍നിന്ന് ബീജത്തെ തടുക്കുന്നു. ഈ ആശയത്തില്‍നിന്നാണ് പുരുഷന്‍മാര്‍ക്കുള്ള ഗര്‍ഭനിരോധന ഗുളിക എന്ന ആശയം രൂപപ്പെടുന്നതു. പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാക്കുന്ന ഗുളികയാണ് ഡോ. ഹെറും സംഘവും വികസിപ്പിച്ചത്.

‍ഡോ. ഹെര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബയോളജി ഓഫ് റീപ്രൊഡക്ഷന്‍ എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.