മക്കള്‍ക്ക് പ്രചോദനമാകുന്ന ഒരുപാട് അച്ഛനമ്മമാരുണ്ട്. എന്നാല്‍ കുഞ്ഞുമകള്‍ അച്ഛന് വഴികാട്ടി ആയാലോ? ബ്രിട്ടണിലെ റിച്ചി വില്‍സ് എന്ന 47 കാരന്റെ വഴികാട്ടി അഞ്ചു വയസ്സുള്ള മകളാണ്.

2020ല്‍ ടോക്കിയോവില്‍ നടക്കാന്‍ പോകുന്ന പാരാലിംപിക്‌സിനുള്ള തയ്യാറെടുപ്പി റിച്ചി വില്‍സ്. പവര്‍ ലിഫ്റ്റിങിലാണ് റിച്ചി മല്‍സരിക്കുന്നത്. മൂന്ന് അടി എട്ടിഞ്ച് മാത്രം പൊക്കമുള്ള റിച്ചി ഏറെ വെല്ലുവിളി നിറഞ്ഞ മത്സരത്തില്‍ എങ്ങനെ പങ്കെടുക്കുമെന്ന് കരുതുന്നുണ്ടാകും? സംശയത്തോടെ നോക്കുന്നവര്‍ക്ക് റിച്ചി മറുപടി നല്‍കുന്നത് തന്റെ ശുഭാപ്തി വിശ്വാസത്തിലൂടെ എന്നാണ്. അതിന് കാരണം അഞ്ചു വയസ്സുകാരി മകള്‍ ചെറിയെന്നാണ് റിച്ചി പറയുന്നത്. മകള്‍ ജനിച്ച ശേഷമാണ് വീല്‍ചെയറില്‍ ഒതുങ്ങിനിന്നിരുന്ന റിച്ചിയുടെ ജീവിതം മാറിമറിഞ്ഞത്.

യോര്‍ക്ക് ഷയര്‍ സ്വദേശിയായ റിച്ചി വില്‍സ് 47 വയസ്സിനിടെ 50 ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ചെറിയ ഭാരം ഉയര്‍ത്താന്‍ പോലും ആകാത്ത ശരീരം. 2005ല്‍ ഇടത് കാല്‍മുട്ടിന് വലിയ ശസ്ത്രക്രിയ നടത്തിയ ശേഷം ജീവിതത്തില്‍ ഇനി ഒരിക്കലും തിരിച്ചുവരവില്ലെന്ന് കരുതിയതാണ്. അങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് റിച്ചിയുടെയും ഭാര്യ ഷാര്‍ളിയുടെയും ജീവിതത്തിലേക്ക് ചെറി വരുന്നത്. വീല്‍ചെയറില്‍ നിന്ന് അച്ഛനെ ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റിയെടുത്തത് ചുണക്കുട്ടിയാണ്. ഗതാഗതവകുപ്പിലെ ജോലിയില്‍ നിന്ന് അവധിയെടുത്ത് വീട്ടില്‍ കഴിഞ്ഞിരുന്ന റിച്ചിയോട് ഒരു ദിവസം പാരാലിംപിക്‌സ് കാണുന്നതിനിടെ മകള്‍ ചോദിച്ചു. അച്ഛനും ഇത് പോലെ പങ്കെടുത്തുകൂടേ? ഈ ഒരൊറ്റ ചോദ്യം തന്റെ ജീവിതം മാറ്റി മറിച്ചെന്ന് റിച്ചി. നിശ്ചയദാര്‍ഢ്യവുമായി മുന്നോട്ട് കുതിക്കുന്ന അച്ഛന്‍‍. ആവേശം പകരുന്ന മകള്‍. ടോക്കിയോവില്‍ മെഡല്‍ നേടിയാലും ഇല്ലെങ്കിലും റിച്ചിക്ക് പ്രശ്‌നമല്ല. ജീവിതം ഒരു ഭാരമല്ലെന്ന് ഓര്‍മ്മിപ്പിച്ച് എപ്പോഴും മകള്‍ കൂടെയുണ്ടല്ലോ.