ശസ്‌ത്രക്രിയയ്‌ക്കു ശേഷം ഓക്‌സിജന്‍ നല്‍കേണ്ടിയിരുന്ന യുവതിക്ക് നൈട്രസ് ഓക്സൈഡ് (ചിരിപ്പിക്കുന്ന വാതകം) നല്‍കി. ഒടുവില്‍ കൊടിയ വേദന അനുഭവിച്ച് യുവതിക്ക് ദാരുണ അന്ത്യമുണ്ടായ സംഭവത്തില്‍ 28 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി വിധിച്ചു. നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലാണ് ഡോക്‌ടര്‍മാരുടെ കൈപ്പിഴ ഒരു യുവതിയ‌്‌ക്ക് ദാരുണമായ മരണം സംഭവിച്ചത്. മെഡിക്കല്‍ നെഗ്ലിഗന്‍സ് എന്ന് വൈദ്യശാസ്‌ത്രത്തില്‍ അറിയപ്പെടുന്ന സംഭവത്തിന്റെ മറ്റൊരു പതിപ്പാണ് നാഗര്‍കോവിലിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അരങ്ങേറിയത്. 2012 ഫെബ്രുവരിയിലായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയെ പിന്നീട്, മധുര മെഡിക്കല്‍കോളേജ്, വെല്ലൂര്‍ മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 2012 മെയിലാണ് രുക്‌മിണി കൊടിയ വേദന സഹിച്ച് മരണത്തിലേക്ക് പോയത്. ഇതേത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഗണേശന്‍ ഹൈക്കോടതിയെ സമീപിക്കുകയും, നാലു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി സ്വന്തമാക്കാനായത്. എത്ര പണം കിട്ടിയാലും ഡോക്‌ടര്‍മാരുടെ അനാസ്‌ഥ കാരണം നഷ്ടമായ രുക്‌മിണിക്ക് ഒന്നും പകരമാകില്ലെന്നാണ് ഗണേശന്‍ വിധിയോട് പ്രതികരിച്ചത്.
സാധാരണയായി ശസ്‌ത്രക്രിയയ്‌ക്കുശേഷം ഉപകരണങ്ങള്‍ രോഗിയുടെ ശരീരത്തിനുള്ളില്‍വെച്ച് തുന്നിക്കെട്ടിയ സംഭവങ്ങള്‍ നമ്മുടെ നാട്ടിലും ധാരാളമായി കേള്‍ക്കാറുണ്ട്. എന്നാല്‍ ഓക്‌സിജന്‍ നല്‍കേണ്ടിയിരുന്ന ഒരു രോഗിക്ക് മറ്റൊരു വാതകം നല്‍കുകയെന്ന് പറഞ്ഞാല്‍, ഗുരുതരമായ തെറ്റാണ് ഡോക്‌ടര്‍മാര്‍ വരുത്തിയത്. നഷ്‌ടമായത് ഒരു പാവം യുവതിയുടെ ജീവനും.
