പ്രളയബാധിതർ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് കുടിവെള്ളം. കുടിവെള്ളം ശുദ്ധീകരിച്ചിട്ടു വേണം കുടിക്കാൻ. അല്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപ്പെടാം. പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധത്തെ പറ്റി മാധ്യമപ്രവർത്തകയായ അനിത ഫെർണാഡസ് പോസ്റ്റിട്ടിരുന്നു.
കേരളത്തിലുണ്ടായ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ നിന്ന് പലരും ഇന്ന് കരകയറിട്ടില്ല. നിരവധി നാശനഷ്ടമാണ് മിക്കവർക്കും ഉണ്ടായത്. പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും ഇനി അസുഖം വരാതെ സൂക്ഷിക്കുകയാണ് വേണ്ടത്. പ്രളയബാധിതർ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് കുടിവെള്ളം. കുടിവെള്ളം ശുദ്ധീകരിച്ചിട്ടു വേണം കുടിക്കാൻ. അല്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപ്പെടാം. പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധത്തെ പറ്റി മാധ്യമപ്രവർത്തകയായ അനിത ഫെർണാഡസ് പോസ്റ്റിട്ടിരുന്നു. കുടിവെള്ളം ഉപയോഗിക്കേണ്ട വിധത്തെ പറ്റിയുള്ള പോസ്റ്റ് താഴേ ചേർക്കുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധം
കിണര്‍/ടാങ്ക് ക്ലോറിനേഷന്‍ ചെയ്യേണ്ടുന്നവിധം (സൂപ്പര്‍ ക്ലോറിനേഷന്‍)
ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ്) 5 ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം 5 ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.
ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം
ആദ്യമായി 5 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി ഉണ്ടാക്കുകയാണ് വേണ്ടത്.
പതിനഞ്ച് ഗ്രാം പുതിയ ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം. ഇതില്‍ നിന്നും തെളിഞ്ഞ് വരുന്ന വെള്ളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാവുന്നതാണ്.
കുടിവെള്ളം അണുവിമുക്തമാക്കാന്‍ 1 ലിറ്റര്‍ വെള്ളത്തിന് 8 തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ചു അണുവിമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്.
ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.
പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍
ഇങ്ങനെയുണ്ടാക്കിയ 5 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി നാലിരട്ടി വെള്ളം ചേര്‍ത്താല്‍ 1 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായനി ലഭിക്കും. ഇത് പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ തയാറാക്കുന്ന ക്ലോറിന്‍ ലായിനിയുടെ വീര്യം സമയം കഴിയുന്നതനുസരിച്ച് കുറഞ്ഞുവരും. അതു കൊണ്ടുതന്നെ ഓരോ ദിവസവും പുതുതായി ലായിനി തയ്യാറാക്കേണ്ടതാണ്. അതേസമയം അണുവിമുക്തമാക്കിയ പാത്രങ്ങളില്‍ കൂടുതല്‍ നേരം ഇത് സൂക്ഷിക്കാവുന്നതാണ്.
തിളപ്പിക്കുന്നതിനോ ക്ലോറിനേറ്റ് ചെയ്യുന്നതിനോ തെളിഞ്ഞ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിലോ പൈപ്പ് ലൈനിലോ തെളിഞ്ഞവെള്ളം ലഭ്യമാണോ എന്ന് പരിശോധിക്കുക
തെളിഞ്ഞ വെള്ളം ലഭ്യമല്ലെങ്കില്‍ ഉണ്ടാക്കുന്ന വിധം
കലക്കവെള്ളമാണ് ലഭിക്കുന്നതെങ്കില്‍ അരിപ്പ ഉപയോഗിച്ചു അരിച്ചെടുക്കേണ്ടതാണ്
തെളിഞ്ഞ വെള്ളം ലഭിക്കാന്‍ അരിപ്പ ഉണ്ടാക്കുന്നവിധം
ഒരു പ്ലാസ്റ്റിക്/കുപ്പി/ക്യാന്‍/മണ്‍കുടം തുടങ്ങിയ ചുവടു മുറിക്കാന്‍ പറ്റുന്ന ഏതെങ്കിലും പാത്രത്തിന്റെ ചുവട് മുറിച്ചുമാറ്റി വായ് വട്ടം ഇഴയകലമുള്ള തുണികൊണ്ട് മൂടിക്കെട്ടുക. ഈ കുപ്പിയിലേക്ക് മുന്നിലൊരുഭാഗം കരിക്കട്ട (ചിരട്ട കരിച്ച് ഉപയോഗിക്കാമെങ്കില്‍ നല്ലത്), മൂന്നിലൊരുഭാഗം വൃത്തിയുള്ള മണല്‍, മൂന്നിലൊരു ഭാഗം വലിയ കല്ലുകള്‍ (ചരല്‍) എന്നിവ നിറയ്ക്കുക. ഈ അരിപ്പയിലേക്ക് ഒഴിക്കുന്ന കലക്കവെള്ളവും താരതമ്യേന തെളിഞ്ഞ വെള്ളമായി മാറും.
കുപ്പിക്കുപകരം കുടങ്ങള്‍ പോലെയുള്ള പാത്രങ്ങളും ഉപയോഗിക്കാം മണല്‍, കരിക്കട്ട തുടങ്ങിയവ ലഭ്യമല്ലെങ്കില്‍ ഉണങ്ങിയ ചകിരി പുല്ല്, പല വലുപ്പത്തിലുള്ള കല്ലുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. ഇത്തരത്തില്‍ ശേഖരിക്കുന്ന വെള്ളവും തിളപ്പിച്ച ശേഷമോ ക്ലോറിനേറ്റ് ചെയ്തശേഷമോ മാത്രമേ ഉപയോഗിക്കാവു.
മഴവെള്ളം ലഭ്യമാണെങ്കില്‍
മഴവെള്ളം ശേഖരിച്ച് അരിച്ചതിനു ശേഷം തിളപ്പിച്ചോ ക്ലോറിനേറ്റ് ചെയ്‌തോ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു വലിയ തുണിയുടെ (മുണ്ട് അല്ലെങ്കില്‍ സാരി) 4 വശങ്ങളും 4 മരങ്ങളിലോ കമ്പുകളിലോ കെട്ടിയശേഷം കഴുകി വൃത്തിയാക്കിയ ഒരു കല്ല് ഉപയോഗിച്ച് നടുഭാഗം താഴ്ത്തി മഴവെള്ള സംഭരണിയായി ഉപയോഗിക്കാം.
അണുക്കളെ നശിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം തിളപ്പിക്കുക എന്നതാണ്. അടിയ്ക്കടി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിസര്‍ജ്യ വസ്തുക്കള്‍ കുടിവെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കുകയും വേണം.
