ലോകകപ്പ് കാലത്ത് ഫുട്ബോൾ ആരാധകരുടെ ആരോഗ്യം അപകടത്തില്‍ അമേരിക്കൻ ജേർണൽ ഓഫ് മെഡിസിൻ 2010ൽ നടത്തിയ പഠനം

ലോകകപ്പ് കാലത്ത് ഫുട്ബോൾ ആരാധകരുടെ ആരോഗ്യം അപകടത്തിലാണെന്ന് പഠനങ്ങൾ. അമേരിക്കൻ ജേർണൽ ഓഫ് മെഡിസിൻ 2010ൽ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഹൃദയാഘാതം, അപകടങ്ങൾ, ആത്മഹത്യകൾ,സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങൾ, ഗാർഹിക പീഡനങ്ങൾ എന്നിവക്കുള്ള സാധ്യതയാണ് ലോക കപ്പ് കാലത്ത് വർധിക്കുന്നതായി തെളിഞ്ഞിട്ടുള്ളത്. ഹൃദയ സംബന്ധമായ രോഗങ്ങൾക്കും അതുവഴിയുള്ള മരണനിരക്കിനും ഈ സമയത്ത് കാര്യമായ വർധനയുണ്ടാകുന്നതായി ഗവേഷകർ പറയുന്നു.

ലോകകപ്പ് സമയത്തെ അമിതമായ സംഘർഷവും ഉത്കണ്ഠയും ആവേശവുമാണ് ഇതിനുള്ള കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. പ്രിയപ്പെട്ട കളിക്കാരന്റെയോ ടീമിന്റെയോ പരാജയങ്ങളും വിജയങ്ങളും തിരിച്ചടികളും ഗോളുകളുമെല്ലാം ആരാധകരെ അമിതമായ വികാരവിക്ഷോഭങ്ങളിലേക്ക് എത്തിക്കുന്നു. ഇത് മൂലം ശാരീരികവും മാനസികവുമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. അനിയന്ത്രിതമായ ദേഷ്യം, ഡിപ്രഷൻ, മാനസിക സമ്മർദ്ദങ്ങൾ എന്നിവയും ലോക കപ്പ് കാലങ്ങളിൽ കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

"ഇതേറെ പ്രത്യേകതകളും ആവേശവുമുള്ള സമയമാണ് എന്ന് ഞങ്ങൾക്കറിയാം. പക്ഷെ നിങ്ങളുടെ ഹൃദയത്തെയും ആരോഗ്യത്തേയും മറന്നുകൊണ്ടാകരുത് അത്." വിദഗ്ധർ പറയുന്നു. 2003 ലെ ലോക കപ്പിന്റെ സമയത്ത് ഏകദേശം 50% വർദ്ധനവാണ്ആശുപത്രി കേസുകളിൽ ഉണ്ടായതെന്നാണ് കണക്കുകൾ പറയുന്നത്. യോഗ ചെയ്യുക,സിഗരറ്റിന്റെ ഉപയോഗവും മദ്യപാനവും കുറയ്ക്കുക, ആഹാര ശീലങ്ങളിൽ സമയക്രമം പാലിക്കുക എന്നിവയാണ് അപകടം കുറയ്ക്കാനുള്ള വഴികൾ.