ഫ്രാന്‍സില്‍ അടുത്തിടെ ഭീകരാക്രമണം ഉണ്ടായ സ്ഥലമാണ് നീസ്. ഫ്രഞ്ച് ദേശീയദിന ആഘോഷത്തിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി നിരവധിപ്പേരെയാണ് അക്രമി കൊലപ്പെടുത്തിയത്. അന്നുമുതല്‍ക്കേ നീസിലും ഫ്രാന്‍സില്‍ ആകെയും കനത്ത സുരക്ഷയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ നീസില്‍ ഉണ്ടായ സംഭവം ഏറെ വിവാദമായിരിക്കുകയാണ്. നീസിലെ ബീച്ചില്‍വെച്ച് ഫ്രഞ്ച് പൊലീസ് മുസ്ലീം സ്‌ത്രീയുടെ ബുര്‍ഖ ഊരിപ്പിച്ചതാണ് വിവാദമായത്. പൊലീസ് ബുര്‍ഖ ഊരിപ്പിക്കുന്നതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ വൈറലായി പ്രചരിക്കുകയാണ്. ഒരു സ്‌ത്രീയ്‌ക്ക് ചുറ്റും നാലു പൊലീസ് ഉദ്യോഗസ്ഥര്‍ നിന്നുകൊണ്ടാണ് ബുര്‍ഖ ഊരിപ്പിച്ചത്. ബൂര്‍ഖ, പര്‍ദ്ദ ഉള്‍പ്പടെ, ശരീരമാസകലവും മുഖവും മറയ്‌ക്കുന്ന വസ്‌ത്രങ്ങള്‍ക്ക് ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബുര്‍ഖ ധരിച്ചതിന് സ്‌ത്രീയില്‍നിന്ന് പൊലീസ് പിഴ ഈടാക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ടുണ്ട്. രണ്ടു മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ഈ സ്‌ത്രീ നീസ് ബീച്ചില്‍ എത്തിയത്. അതേസമയം ഈ സംഭവം ഫ്രാന്‍സിലെ മുസ്ലാം സമുദായത്തിനിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.