സെക്‌സും ഓര്‍മ്മശക്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്നു പറയാന്‍ വരട്ടെ. പുതിയ പഠനം അനുസരിച്ച് ഇടയ്‌ക്കിടെയുള്ള ലൈംഗികബന്ധം, സ്‌ത്രീകളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വാക്കുകള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവാണ് ഇടയ്‌ക്കിടെയുള്ള ലൈംഗികബന്ധത്തിലൂടെ വര്‍ദ്ധിക്കുകയെന്ന് മോണ്ട്രിയലിലെ മക്‌ഗില്‍ സര്‍വ്വകലാശാലയില്‍നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലാറാ മാണ്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ലൈംഗികബന്ധത്തിലൂടെ ഓര്‍മ്മശക്തിയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് നേരത്തെ ചില പഠനങ്ങളിലൂടെ വ്യക്തമായിരുന്നു. ഈ പഠനങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ പഠനം നടത്തിയത്. 24 വയസിനുള്ളില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് പഠന വിധേയമാക്കിയത്. പഠനത്തില്‍ പങ്കെടുത്ത 78 ശതമാനത്തോളം പെണ്‍കുട്ടികളില്‍ ഓരോ ലൈംഗികബന്ധത്തിനുശേഷവും ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.