സാധാരണഗതിയില്‍ പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നതോടെയാണ് ആര്‍ത്തവചക്രം തുടങ്ങുന്നത്. ഇന്നത്തെ കാലത്ത് പൊതുവെ കണ്ടുവരുന്നത് 12-14 വയസ് പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടികളില്‍ ആര്‍ത്തവചക്രം തുടങ്ങുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു പെണ്‍കുട്ടിയില്‍ നാലാമത്തെ വയസില്‍ പീരീഡ് ആരംഭിച്ചു. അഞ്ചാമത്തെ വയസില്‍ ആര്‍ത്തവവിരാമവും സംഭവിച്ചു. സാധാരണഗതിയില്‍ ആര്‍ത്തവചക്രം തുടങ്ങുന്ന പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന സ്‌തനവളര്‍ച്ച, രോമവളര്‍ച്ച, മുഖക്കുരു, ശരീരത്തിലെ വിയര്‍പ്പിന്റെ മണത്തിലുള്ള മാറ്റം എന്നിവയെല്ലാം ഈ ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടിയില്‍ അനുഭവപ്പെടുകയും ചെയ്തു. എമിലി എന്ന പെണ്‍കുട്ടിയിലാണ് വൈദ്യശാസ്‌ത്രത്തിന് തന്നെ ഇപ്പോഴും വ്യക്തമാക്കാനാകാത്ത പ്രതിഭാസം കണ്ടത്. ടാം ഡോവര്‍ എന്ന യുവതിയാണ് എമിലിയുടെ അമ്മ. കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ ഒരു പ്രത്യേകതയും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ വയസില്‍ ചെറുതായി സ്തനങ്ങള്‍ വളരാന്‍ തുടങ്ങി. നാലാമത്തെ വയസില്‍ എത്തിയതോടെയാണ് എമിലിയില്‍ വ്യക്തമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. അഡ്രീനല്‍ ഗ്ലാന്‍ഡിന്റെ വൈകല്യമാണ് ഇത്തരമൊരു പ്രശ്‌നത്തിന് കാരണമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. ഇതുകാരണം, കോര്‍ട്ടിസോള്‍, അല്‍ഡോസ്റ്റീറോണ്‍ എന്നീ ഹോര്‍മോണുകളുടെ വ്യതിയാനം കുട്ടിയില്‍ ശാരീരികമായ മാറ്റങ്ങള്‍ക്ക് കാരണമായി. 30 വയസിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക് സംഭവിക്കുന്ന ശാരീരികപ്രശ്‌നങ്ങളാണ് അഞ്ചുവയസുകാരി എമിലിയില്‍ ഇപ്പോള്‍ കാണപ്പെടുന്നത്. ഓട്ടിസം, ഉല്‍കണ്‌ഠ എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും എമിലി ഇപ്പോള്‍ ചികില്‍സയിലാണ്.