കോട്ടയം: കടനാട് സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ മീസില്‍സ്-റുബെല്ലാ വാക്സിനെടുത്ത കുട്ടികള്‍ ബോധരഹിതരായെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസ് എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത അഞ്ച് കുട്ടികള്‍ തളര്‍ന്നു വീണെന്നായിരുന്നു വ്യാജ പ്രചാരണം.

ഇന്‍റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാര്‍ത്തയാണിത് എന്ന് സ്ഥിതീകരിച്ചത്. ഇത് കൂടാതെ കുത്തിവെയ്പ്പിനെതിരെ നിരവധി വ്യാജ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ കുത്തിവെയ്പ്പിനെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്ന് മന്ത്രി പറഞ്ഞു.

വ്യാജ വാര്‍ത്തയ്ക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയെന്നും നിയമനടപടി സ്വീകരിക്കും എന്നും സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ പ്രധാന അധ്യാപകന്‍ ബാബു തോമസ് പറഞ്ഞു. കുട്ടികളില്‍ ഗുരുതരമായേക്കാവുന്ന രണ്ടു അസുഖങ്ങളെ തുടച്ചുനീക്കുകയാണ് വാക്‌സിനേഷന്‍ പരിപാടിയുടെ ലക്ഷ്യം. അഞ്ചാംപനി, ജര്‍മ്മന്‍ മീസല്‍സ് എന്നീ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പാണ് ഇവ.