വിവാഹം ഉറപ്പിച്ചിട്ടും കാമുകനുമായി ബന്ധം തുടര്‍ന്ന പ്രതിശ്രുത വധുവിനോട് യുവാവ് പകരം വീട്ടിയ രീതിയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വളരെ വ്യാപകമായി ചര്‍ച്ചയാകുന്നത്. സിംഗപ്പുരിലെ ഒരു യുവ വ്യവസായിയാണ് കഥാനായകന്‍. സിംഗപ്പുരിലാണ് വിവാഹത്തിനെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച സംഭവമുണ്ടായത്. വിവാഹ ചടങ്ങുകള്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ട് വിവാഹവേഷത്തിലെത്തിയ, വരന്‍ ഫോണില്‍ ഒരു വീഡിയോ ക്ലിപ് പ്ലേ ചെയ്തത്. താന്‍ വിവാഹം കഴിക്കേണ്ട യുവതി, മറ്റൊരാളോടൊപ്പം ഒരു ഹോട്ടല്‍ മുറിയിലേക്ക് പോകുന്ന വീഡിയോയാണ് യുവാവ് പ്ലേ ചെയ്തത്. നവവധുവിന്റെ സാന്നിദ്ധ്യത്തിലാണ് ഈ വീഡിയോ പ്ലേ ചെയ്ത് പ്രതികാരം വീട്ടിയത്. വിവാഹം ഉറപ്പിച്ച ശേഷം പെണ്‍കുട്ടി, തന്നെ ചതിക്കുകയാണെന്ന് സംശയം തോന്നിയ യുവാവ് സിംഗപ്പുരിലെ ഒരു പ്രമുഖ സ്വകാര്യ ഡിക്‌റ്റക്‌റ്റീവ് ഏജന്‍സിയെക്കൊണ്ട്, അന്വേഷിപ്പിച്ചു. ആ അന്വേഷണം ചെന്നെത്തിയത്, യുവതിയും കാമുകനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ സ്വകാര്യനിമിഷങ്ങളിലേക്കാണ്. ഹോട്ടല്‍ മുറിയിലെ ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍പ്പോലും ഡിക്‌റ്റക്‌റ്റീവ് ഏജന്‍സി ക്യാമറയില്‍ ഒപ്പിയെടുത്തു. കാമുകനോട്, പ്രതിശ്രുതവരനെക്കുറിച്ച് മോശമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ പ്ലേ ചെയ്തതോടെ, വിവാഹവേദിയില്‍ വരന്റെയും വധുവിന്റെയും ആളുകള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമായി. വാക്ക്‌തര്‍ക്കം, സംഘര്‍ഷത്തിലേക്ക് നീങ്ങവെ പൊലീസ് സ്ഥലത്ത് എത്തി രംഗം ശാന്തമാക്കി. എന്നാല്‍, ഈ വിവാഹത്തില്‍നിന്ന് പിന്‍മാറുകയാണെന്ന് പറഞ്ഞു വരനും സംഘവും മടങ്ങുകയായിരുന്നു.